ചെങ്ങന്നൂർ. തേക്ക് മരത്തിന്റെ കൊമ്പുകൾ മുറിക്കുവാൻ കയറിയ മരംവെട്ട് തൊഴിലാളി മരത്തിൽ കുടുങ്ങി. ഉമയാറ്റുകര വളയംകണ്ടത്തിൽ ജോമോൻ (45) ആണ് മരത്തിൽ കുടുങ്ങിയത്.
ഇന്നലെ രാവിലെ 9.45 നായിരുന്നു സംഭവം.കല്ലിശേരി ഉമയാറ്റുകാര അമ്പലത്തറയിൽ ചാർളി ഏബ്രഹാമിന്റെ വീട്ടിലെ 70 അടിയോളം ഉയരമുള്ള തേക്ക് മരത്തിന്റെ ഏറ്റവും മുകൾഭാഗം വെട്ടിയിട്ടപ്പോൾ ജോമോന്റെ കൈ വടത്തിൽ കുരുങ്ങി മരത്തിന്റെ ശിഖരങ്ങൾക്കിടയിൽ പെടുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് ഇറങ്ങാൻ പറ്റാതായി. തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്സെത്തി രക്ഷപെടുത്തുകയായിരുന്നു.കയറും, വലയും ഉപയോഗിച്ച് കെട്ടിയാണ് ഫയർഫോഴ്സ് സംഘം ഇദ്ദേഹത്തെ താഴെയിറക്കിയത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.