പത്തനംതിട്ട : ജില്ലയിലെ ആദ്യ പോക്സോ കോടതി പത്തനംതിട്ടയിൽ പ്രവർത്തനം ആരംഭിച്ചു. കോടതികളിൽ പോക്‌സോ കേസുകളുടെ എണ്ണം കൂടിവരുകയും കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആരംഭിച്ച 17 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളിൽ ഒന്നാണിത്. നഗരസഭാ സമുച്ചയത്തിന്റെ എതിർവശത്ത് ഷൈൻ ടവറിന്റെ താഴത്തെ നിലയിലാണ് പോക്സോ കോടതി ആരംഭിച്ചിരിക്കുന്നത്.

ഇരകളായ കുട്ടികൾ പ്രായപൂർത്തിയായതിന് ശേഷവും വിവാഹത്തിന് ശേഷവും കോടതികളിൽ ഹാജരാകേണ്ട സാഹചര്യങ്ങൾ ഉണ്ടാകുന്നതിനാൽ ഇതിൽ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് എല്ലാ ജില്ലകളിലും പോക്‌സോ കോടതികൾ ആരംഭിക്കുന്നതിനുള്ള തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ചേർന്ന് ഓൺലൈനിലൂടെ 17 പോക്‌സോ സ്‌പെഷ്യൽ കോടതികൾ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.

ജില്ലയിലെ പോക്‌സോ കോടതിയുടെ പ്രവർത്തന ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ടി.കെ രമേഷ് കുമാർ, ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി.എസ്.സൈമ, കുടുംബ കോടതി ജഡ്ജി കെ.കെ.സുജാത, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് സി.വി ജ്യോതിരാജ് എന്നിവർ പങ്കെടുത്തു.

എല്ലാ പിന്തുണയും നൽകിയ ബാർ അസോസിയേഷനും സ്‌പെഷ്യൽ ജഡ്ജിയായ കെ.എൻ.ഹരികുമാറിനും അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. 17 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളായ പോക്സോ കോടതിയിൽ ഒന്നാണിത്. "

വീണാജോർജ് എം.എൽ.എ.