02-binish-mathew-and-sini
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിനീഷ് മാത്യുഭാര്യ സിനി (ഫയൽ ചിത്രം)

തണ്ണിത്തോട്: സിനിയുടെ ഒാർമ്മയിൽ നിന്ന് ഇപ്പോഴും മായുന്നില്ല ആ ദുരന്തം. കണ്ണുനീർ തോരുന്നില്ല. മേടപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച ബിനീഷ് മാത്യുവിന്റെ ഒാർമ്മകളുമായി ഇടുക്കിയിലേക്ക് മടങ്ങുമ്പോൾ സിനി വിതുമ്പുന്നുണ്ടായിരുന്നു.

കഴിഞ്ഞ മേയ് എട്ടിനായിരുന്നു ദുരന്തം. മേടപ്പാറയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ തോട്ടത്തിൽ സ്ലോട്ടർ ടാപ്പിംഗ് നടത്തുമ്പോഴായിരുന്നു കടുവയുടെ ആക്രമണം. സമീപത്തെ സ്വാമിമലയിൽ പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികൾ ബിനീഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

ഗർഭിണിയായ സിനിക്ക് താങ്ങാനാവാത്ത നടുക്കമായിരുന്നു പ്രിയപ്പെട്ടവന്റെ മരണം.

നാലു വർഷം മുമ്പ് കുടുംബം പോറ്റാൻ ഇടുക്കിയിൽ നിന്ന് തണ്ണിത്തോട്ടിലെത്തിയതാണ് ബിനീഷ്. പത്രപ്പരസ്യത്തിലൂടെയാണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ മരങ്ങൾ സ്ലോട്ടർ ടാപ്പിംഗിന് നൽകുന്നതറിഞ്ഞത്.

അച്ഛൻ മാത്യുവിനൊപ്പമാണ് ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നെത്തി ഇവിടെ താമസിച്ച് ജോലി തുടങ്ങിയത്. ഇടുക്കി സ്വദേശി സിനിയുമായുള്ള ബിനീഷിന്റെ വിവാഹത്തിന് ശേഷം മാത്യു മടങ്ങി.

ഭർത്താവിന്റെ മരണത്തിന് ശേഷം മടങ്ങിയ സിനി ഇടുക്കി കഞ്ഞിക്കുഴിയിലെ വീട്ടിൽ ബിനീഷിന്റെ അച്ഛനും അമ്മയ്ക്കും അനിയനുമൊപ്പമാണ് താമസം. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയിൽ 5 ലക്ഷം രൂപ ലഭിച്ചിരുന്നു . 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് തണ്ണിത്തോട് എസ്റ്റേറ്റ് മാനേജർ പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർക്ക് ശുപാർശ ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല.

വനം വകുപ്പിലോ പ്ലാന്റേഷൻ കോർപ്പറേഷനിലോ സിനിക്ക് ജോലി നൽകുന്നതിനെക്കുറിച്ച് അന്ന്ആലോചന നടന്നിരുന്നെങ്കിലും അതും നിലച്ച മട്ടാണ്. സിനിക്ക് ജോലി ആവശ്യപ്പെട്ട് ബിനീഷിന്റെ സഹോദരൻ വിപിൻ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും തൊഴിൽമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

----------------

ഇനിയില്ല ഇവിടേയ്ക്ക്

2022 വരെയുള്ള കരാറിലായിരുന്നു 1000 റബർ മരങ്ങൾ ടാപ്പിംഗിനായി എടുത്തത്. 80,000 രൂപ സെക്യൂരിറ്റി തുകയായും ഒരുലക്ഷം രൂപ അഡ്വാൻസായും പ്ലാന്റേഷൻ കോർപ്പറേഷനിൽ അടച്ചിരുന്നു. ഇനി ടാപ്പിംഗ് നടത്താൻ താത്പര്യമില്ല. ഒരാഴ്ച മുമ്പ് കുടുംബാംഗങ്ങൾക്കൊപ്പമെത്തി സിനി ഇക്കാര്യം കോർപ്പറേഷൻ അധികൃതരെ അറിയിച്ചു. താമസിച്ചുകൊണ്ടിരുന്ന വീട് ഒഴിഞ്ഞു നൽകി.