തിരുവല്ല: കോളിളക്കം സൃഷ്ടിച്ച കരിക്കിൻവില്ല ഇരട്ടക്കൊലപാതകത്തിൽ ''മദ്രാസിലെ മോൻ ഇന്നലെ വന്നിരുന്നു'' എന്ന് മൊഴി നൽകിയ ഏകസാക്ഷി ഗൗരിയമ്മ നിര്യാതയായി. തിരുവല്ല മീന്തലക്കര പൂതിരിക്കാട്ട്മലയിൽ പരേതനായ കുഞ്ഞൻപണിക്കരുടെ ഭാര്യയാണ് ഗൗരിയമ്മ.1980 ഒക്‌ടോബർ ആറിന് നടന്ന കരിക്കിൻവില്ല ഇരട്ടക്കൊല കേസിന് തുമ്പുണ്ടാക്കിയത് ഗൗരിയമ്മയുടെ മൊഴിയായിരുന്നു. ഏറെക്കാലം കുവൈത്തിൽ ജോലിചെയ്‌തു വലിയ സമ്പാദ്യവുമായി നാട്ടിലെത്തിയ ദമ്പതികളായിരുന്നു കെ.സി.ജോർജും ഭാര്യ റേച്ചലും. മക്കളില്ലാത്ത ഇവർ തിരുവല്ലയിലെ കരിക്കൻവില്ലയെന്ന വീട്ടിൽ ഒതുങ്ങിക്കൂടി. സഹായത്തിനുണ്ടായിരുന്നത് ഗൗരിയെന്ന ജോലിക്കാരി മാത്രം. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണ് ജോർജിനെയും(63) റേച്ചലിനെയും(56) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുത്തേറ്റിരുന്നു. റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളെക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു.
ഗൗരിയുടെ വൈകിവന്ന മൊഴിയിലെ ഒരുവാചകമാണ് പൊലീസിന് തുമ്പായത്. തലേന്നു വൈകിട്ടു താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും വിവരം ലഭിച്ചു. ‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധു റെനി ജോർജ് മദ്രാസിൽ പഠിക്കുന്നുണ്ടായിരുന്നു. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്‌തമായി. അന്വേഷണം കോയമ്പത്തൂർ, തൃശ്‌നാപ്പള്ളി വഴി മദ്രാസിലെത്തി. പത്താംദിവസം അവിടെയുള്ള ഒരു ലോഡ്‌ജിൽനിന്നു റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്തദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ, പറ്റാതെ വന്നപ്പോൾ കീഴടങ്ങി.
ഇൗ സംഭവം പിന്നീട് രാഗം മൂവീസിന്റെ ബാനറിൽ മദ്രാസിലെ മോൻ എന്ന സിനിമയായി.
------------------
സത്യത്തിന്റെ വില
സത്യം പറഞ്ഞാൽ പാരിതോഷികം നല്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. എന്നാൽ യാഥാർത്ഥ്യം വെളിപെടുത്താതിരിക്കാമെങ്കിൽ കരിക്കിൻ വില്ലയിൽ 10 സെൻറ് വസ്തു നല്കാമെന്ന് റെനിയുടെ പിതാവ് ഗൗരിയോട് പറഞ്ഞു. എന്നാൽ സത്യത്തിന് സ്വർണത്തെക്കാൾ വില നല്കിയ ഗൗരിയമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് യഥാർത്ഥ സംഭവം വിവരിക്കുകയായിരുന്നു. സത്യം പറഞ്ഞതുകൊണ്ടും പാരിതോഷികം ലഭിച്ചില്ല. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന വീടിനുള്ളിൽ കഴിയേണ്ടിവന്ന ഗൗരിയമ്മയ്ക്ക് 2002ൽ സാമൂഹ്യപ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരാണ് വീട് താമസയോഗ്യമാക്കി നൽകിയത്.
സംസ്കാരം ഇന്ന് 11.30ന് എസ്.എൻ.ഡി.പി യോഗം തിരുവല്ല ടൗൺ ശാഖയുടെ കൊമ്പാടി ശ്മശാനത്തിൽ നടക്കും.
ചെങ്ങന്നൂർ മഞ്ചേരി കുടുംബാംഗമാണ്.
മക്കൾ: രാധമ്മ, ലീലാമ്മ, പരേതനായ സദാനന്ദൻ, ശാന്തമ്മ, സുരേന്ദ്രൻ.
മരുമക്കൾ: ഉണ്ണികൃഷ്ണൻ, പരേതനായ രാജപ്പൻ, രമണി, ഗോപി, രമണി.