ചെങ്ങന്നൂർ: ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്തതായി പരാതി. മുളക്കുഴ സെഞ്ചുറി ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് സെക്ഷനിൽ ജോലി ചെയ്തുവരുന്ന മുളക്കുഴ വില്ലേജിൽ പിരളശേരി സ്വദേശിനിയും,പുലിയൂർ വില്ലേജിൽ ഇലഞ്ഞിമേൽ സ്വദേശിനിയുമായ വീട്ടമ്മമാരാണ് ആശുപത്രി എം.ഡിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 30ന് രാവിലെ ഇവർ ഉൾപ്പെട്ട ജീവനക്കാർ ആശുപത്രിയിലെത്തി രജിസ്ട്രറിൽ ഒപ്പുവച്ചശേഷം തിരികെ പോരുന്ന സമയത്ത് വാതിലിനു സമീപം കാറുമായി എത്തിയ എം.ഡി ജീവനക്കാരോട് മോശമായി സംസാരിക്കുകയും, അപമാനിക്കുകയും ചെയ്തെന്നും, കൈയേറ്റത്തിനു മുതിർന്നുവെന്നുമാണ് പരാതി.കഴിഞ്ഞ എട്ട് മാസമായി ശമ്പളവും, പി.എഫ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ സംയുക്ത സമരസമിതി നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു.എം.ഡി മുൻപും പരസ്യമായി മോശമായി സംസാരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഇതു സംബന്ധിച്ച് ചെങ്ങന്നൂർ പൊലീസ്, ജില്ലാ പൊലീസ് മേധാവി, പട്ടികജാതി/പട്ടികവർഗ കമ്മീഷൻ, വനിതാക്കമ്മീഷൻ എന്നിവർക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.