പത്തനംതിട്ട: ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിബന്ധനകൾക്കു വിധേയമായി നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് യൂണിഫോം സർവീസിൽപ്പെട്ട ഉദ്യോഗസ്ഥർക്കു പുറമെ, ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ തോക്ക് ഉപയോഗിക്കുവാൻ ലൈസൻസുളളവരും സന്നദ്ധരുമായ വ്യക്തികളുടെ പാനൽ തയാറാക്കുമെന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.എൻ ശ്യാം മോഹൻലാൽ അറിയിച്ചു.
സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ ഗണ്യമായ പങ്കുവഹിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
കോന്നി, അടൂർ എം.എൽ.എമാരുടെ മേൽനോട്ടത്തിൽ ജനജാഗ്രതാ സമിതികൾ വിളിച്ചു ചേർത്ത് തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇത് ആദ്യം നടപ്പാക്കിയത് കോന്നി റെയ്ഞ്ചിലെ അരുവാപ്പുലം പഞ്ചായത്തിലാണ്. ഈ വർഷം മേയ് 18ന് സർക്കാർ മുൻ ഉത്തരവിൽ ചില ഭേദഗതികൾ വരുത്തി പുതിയ ഉത്തരവു പുറപ്പെടുവിച്ചു. പുതിയ ഉത്തരവു പ്രകാരമാണ് പാനൽ തയാറാക്കുന്നത്.
ഇതുപ്രകാരം കൃത്യം നിർവഹിക്കുമ്പോൾ അറിഞ്ഞോ, അറിയാതെയോ മനുഷ്യ ജീവനോ, സ്വത്തിനോ സംഭവിക്കുന്ന അപായങ്ങൾക്കും നാശനഷ്ടങ്ങൾക്കും വെടിവയ്ക്കുന്നയാൾക്ക് മാത്രമാകും ഉത്തരവാദിത്വം. എം പാനൽ ചെയ്യപ്പെടുന്ന വ്യക്തി കൃത്യം നിർവഹിക്കുന്ന മുറയ്ക്ക് ഓരോ കാട്ടുപന്നിയുടെ കാര്യത്തിലും ചെലവിനത്തിൽ ആയിരം രൂപ പ്രതിഫലം അനുവദിക്കാനും പുതിയ ഉത്തരവിൽ വ്യവസ്ഥയുണ്ട്.
ഇതനുസരിച്ച് കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ, പ്രമാടം, വളളിക്കോട്, മലയാലപ്പുഴ, മൈലപ്ര, എനാദിമംഗലം, കൊടുമൺ, ഏഴംകുളം, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെയും അടൂർ നഗരസഭയുടേയും പരിധിയിൽ വരുന്ന തോക്ക് ലൈസൻസുളളവരും സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കാൻ സന്നദ്ധരുമായ വ്യക്തികളുടെ പാനലാണ് തയ്യാറാക്കുന്നത്. താൽപര്യമുളളവർ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തലവൻ മുഖേനയോ കോന്നി, നടുവത്തുമൂഴി റെയിഞ്ച് ഓഫീസുകളിലോ ബന്ധപ്പെടണമെന്നും ഡിഎഫ്ഒ അറിയിച്ചു.