തിരുവല്ല: ശക്തമായ മഴയിൽ ചാത്തങ്കരി വളവനാരി പ്രദേശത്ത് അപ്രതീക്ഷിത 'വെള്ളപ്പൊക്കം'. വെള്ളത്തിനടിയിലായ 20പേരെ നാലു 'പുനരധിവാസ ക്യാമ്പുകളി'ലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരെ കൊവിഡ് ലക്ഷണങ്ങളെതുടർന്ന് പ്രത്യേക ക്യാമ്പിലേക്കി. ഇന്നലെ രാവിലെയായിരുന്നു വെള്ളം പൊങ്ങിയതും അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തിയതും. പൊലീസും ഫയർഫോഴ്‌സും ആരോഗ്യപ്രവർത്തകരും റവന്യു ഉദ്യോഗസ്ഥരും ചേർന്നുനടത്തിയ 'രക്ഷാപ്രവർത്തനം' ഒന്നരമണിക്കൂർ നീണ്ടുനിന്നു.
വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കോൺകോട് കടവിൽ നടത്തിയ മോക്ഡ്രില്ലിലാണ് വെള്ളപ്പൊക്ക സാഹചര്യത്തിലെ രക്ഷാപ്രവർത്തനം സംഘടിപ്പിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്താൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കോൺകോട് കടവിൽനിന്ന് ഡിങ്കിബോട്ടുകൾ ഇറക്കിയപ്പോൾ ആദ്യം നാട്ടുകാർ അമ്പരന്നു. കൊവിഡ് സാഹചര്യത്തിൽ യഥാർത്ഥ വെള്ളംപ്പൊക്കം ഉണ്ടായാൽ എങ്ങനെയാകും രക്ഷാപ്രവർത്തനം നടത്തേണ്ടത് എന്നതിന്റെ നേർസാക്ഷ്യമായിരുന്നു മോക്ഡ്രിൽ.
താലൂക്ക്തല റെസ്‌പോൺസിബിൾ ഓഫീസർകൂടിയായ സബ് കളക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ. .അസി.കളക്ടർ വി.ചെൽസാ സിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾജോസ്, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, ഐ.ആർ.എസ് ഇൻസിഡന്റ് കമാണ്ടർകൂടിയായ തിരുവല്ല തഹസിൽദാർ മിനി കെ.തോമസ്, ജില്ലാ ഫയർഓഫീസർ വിസി വിശ്വനാഥ്, ഡിവൈ.എസ്.പി ടി.രാജപ്പൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സതീഷ് ചാത്തങ്കരി, ഡെപ്യൂട്ടി ഇൻസിഡന്റ് കമാണ്ടർ പുളിക്കീഴ് ബി.ഡി.ഓ ടി.ബീനാകുമാരി, പത്തനംതിട്ട ഫയര്‍‌സ്റ്റേഷൻ ഓഫീസർ വി.വിനോദ്കുമാർ, താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ.അരുൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജേന്ദ്രൻ, ദുരന്തനിവാരണവിഭാഗം ജൂനിയർ സൂപ്രണ്ടന്റ് സുരേഷ്‌കുമാർ, പെരിങ്ങര വില്ലേജ് ഓഫീസർ ജലജകുമാരി, സബ് ആർ.ടി.ഒ ബി. ബിജു, സബ് ഇൻസ്‌പെക്ടർ ബി.എസ്. ആദർശ്, തിരുവല്ല സ്റ്റേഷൻ ഓഫീസർ പി.ബി. വേണുകുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.