കടമ്പനാട് : ബാങ്കുകൾ വായ്പ നൽകുന്നതിൽ സഹകരിക്കാത്തതിനാൽ കിസാൻ ക്രെഡിറ്റ് പദ്ധതി ജില്ലയിൽ പാളുന്നു. എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിന് കേന്ദ്രസർക്ക ആവിഷ്കരിച്ച പദ്ധതിയാണ് ബാങ്കുകളുടെ നിസഹകരണം മൂലം പ്രതിസന്ധിയിലായത്. ജൂൺ ഒന്നിന് ആരംഭിച്ച പദ്ധതിയുടെ കാമ്പയിൻ ജൂലായ് 31 നാണ് അവസാനിക്കുന്നത്.
കരം അടച്ചരസീതും പ്രമാണത്തിന്റെ കോപ്പിയും മാത്രം വച്ച് വായ്പനൽകേണ്ടതിനാലാണ് ബാങ്കുകൾ വിമുഖത കാട്ടുന്നത്. ഭാവിയിൽ കാർഷിക -ക്ഷീര - മൃഗസംരക്ഷണ - മത്സ്യ മേഖലകളിലെ പല പദ്ധതികളുടെയും ആനുകൂല്യം കിസാൻ കാർഡുള്ളവർക്കായിരിക്കും
------------------------
25% പോലുമാകാതെ ക്ഷീരമേഖല
കേരളത്തിൽ സഹകരണമേഖലയിൽ 4.75 ലക്ഷം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനാണ് ക്ഷീര വികസനവകുപ്പ് ലക്ഷ്യമിട്ടത് . പക്ഷേ ഇതുവരെ 25 ശതമാനം പോലും കർഷകർക്ക് കാർഡ് നൽകുന്നതിന് കഴിഞ്ഞിട്ടില്ല. ജൂൺ 19 ന് കൂടിയ സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് കമ്മറ്റിയുടെ വർക്കിംഗ് ഗ്രൂപ്പ് യോഗം ഒരു പശുവിന് പ്രതിമാസം 8000 രൂപ നിരക്കിൽ മൂന്ന് മാസത്തേക്ക് 24000 രൂപ വായ്പയായി അനുവദിക്കുന്നതിന് തീരുമാനിച്ച് ബാങ്കുകൾക്ക് ശുപാർശ നൽകിയിരുന്നു . പക്ഷേ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ജില്ലയിലെ ഭൂരിപക്ഷം ബാങ്കുകളും കർഷകരോട് പറഞ്ഞത്. റാന്നി മേഖലയിലാണ് ചിലർക്കെങ്കിലും വായ്പ കിട്ടിയത്. ക്ഷീരസഹകരണസംഘം സെക്രട്ടറിയുടെ ശുപാർശസഹിതം ക്ഷീരസംഘത്തിൽ അപേക്ഷവാങ്ങിയാണ് ബാങ്കുകളെ സമീപിച്ചതെങ്കിലും തിരുവല്ലമേഖലയിൽ കർഷകർ നേരിട്ടപേക്ഷ തരട്ടെയെന്ന് ചില ബാങ്കുകൾ പറയുന്നത് . അടൂർമേഖലയിൽ ഒരു തരത്തിലും വായ്പ നൽകില്ലന്ന നിലപാടാണ് ബാങ്കുകൾക്ക് .
---------------
പദ്ധതിയുടെ പ്രയോജനം
ഒരു കർഷകന് നാല് ശതമാനം പലിശയ്ക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റ് മേഖലയ്ക്ക് 2 ലക്ഷവും ആണ് റിവോൾവിങ് ഫണ്ട് ലഭിക്കുക. അതിനുമുകളിൽ തുക ആവശ്യമുള്ളവർക്ക് അതാത് ബാങ്കിന്റെ പലിശ നിരക്കായിരിക്കും. അനുവദിക്കുന്ന തുക 5 വർഷം ഒരു സേവിംഗ് ബാങ്ക് അക്കൗണ്ട് പോലെ ഉപയോഗിക്കാം. വായ്പ അനുവദിച്ച് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് മുതലും പലിശയും തിരിച്ചടയ്ക്കണം. പുതുക്കുന്നതിനുള്ള ഫോറത്തിൽ ഒപ്പിട്ട് നൽകണം.