bus

അടൂർ : കൊവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ കെ.എസ്. ആർ.ടി.സി ബസ് ഒാൺ ഡിമാന്റ് പദ്ധതി (ബോൺഡ്) നടപ്പാക്കുന്നു. ഒരു ബസിൽ കുറഞ്ഞത് മുപ്പത് മുതൽ മുകളിൽ യാത്രക്കാരുണ്ടെങ്കിൽ അവരെ ഡിപ്പോയിൽ നിന്ന് സുരക്ഷിതമായി നിശ്ചിത സമയത്ത് ഒാഫീസുകളിൽ എത്തിക്കുകയും തിരികെ കൊണ്ടുവരുന്നതാണ് പദ്ധതി. ഇതിനുള്ള ഒാൺലൈൻ രജിസ്ട്രേഷനും നേരിട്ടുള്ള രജിസ്ട്രേഷനും ആരംഭിച്ചു. അടൂർ ഡിപ്പോയിൽ രണ്ട് ദിവസത്തിനുള്ളിൽ നിരവധി യാത്രക്കാർ ഇൗ സൗകര്യം പ്രയോജനപ്പെടുത്തി. പത്തനംതിട്ട, കൊല്ലം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ നിശ്ചിത യാത്രക്കാരുണ്ടെങ്കിൽ ഡിപ്പോകളിൽ നിന്ന് പുറപ്പെടുന്ന ബസ് മറ്റുഡിപ്പോകളിൽ കയറില്ലെന്ന് മാത്രമല്ല വഴിയിൽ നിറുത്തി മറ്റുയാത്രക്കാരെ കയറ്റുകയുമില്ല.

വിവിധ ഒാഫീസുകളിൽ എത്തുന്നതിനായി നിരവധി ആളുകളാണ് ഇരുചക്രവാഹനങ്ങളിലും കാറിലും സഞ്ചരിക്കുന്നത്. ഇത്തരം യാത്രക്കാരെ ആകർഷിച്ച് സുരക്ഷിത യാത്ര ഒരുക്കി വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇരുചക്ര വാഹനങ്ങൾ കെ.എസ്.ആർ.ടി. സി ഡിപ്പോ പരിസരത്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇതിനൊപ്പം ഒരുക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം, പോകേണ്ട സമയം എന്നിവ പരിശോധിച്ചായിരിക്കും ബസുകൾ ക്രമീകരിക്കുക. ഒാൺ ലൈൻ വഴിയോ, ഡിപ്പോയിലെ പ്രത്യേക കൗണ്ടർ വഴിയോ രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്

https://forms.gleExuXroFNy4NexXpn6

രജിസ്ട്രേഷന് ഒാൺലൈനിൽ നൽകേണ്ട വിവരങ്ങൾ

പേരും മേൽവിലാസം, ഫോൺ നമ്പർ, വാട്സ് ആപ്പ് നമ്പർ, ഒൗദ്യോഗിക മേൽവിലാസം, ഒാഫീസിന്റെ പേര്, യാത്രതുടങ്ങേണ്ട യൂണിറ്റ്, സമയം, യാത്ര അവസാനിക്കുന്ന സ്ഥലം, ഒാഫീസിൽ നിന്ന് തിരികെ പുറപ്പെടേണ്ട സമയം എന്നിങ്ങനെ ഒൻപത് കോളങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം.

ടിക്കറ്റ് ചാർജ്ജിന് സീസൺ ടിക്കറ്റ്പോലെ സംവിധാനം.

5, 10, 15, 20, 25 ദിവസങ്ങൾ വീതമുള്ള ടിക്കറ്റിന് ഒരുമിച്ച് പണം അടയ്ക്കാം. ഇത്തരത്തിൽ കാർഡ് എടുക്കന്നവർക്ക് ചാർജ്ജിൽ കുറവ് ലഭിക്കും.