പത്തനംതിട്ട : നാടകത്തിൽ മാത്രമല്ല പഠനത്തിലും മികവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് തോട്ടക്കോണം ഗവ.ഹൈസ്കൂളിന്റെ അഭിമാനമായ സർഗപ്രിയ. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷത്തിലും ഇൗ കൊച്ചുമിടുക്കി എ പ്ലസ് നേടി.
നാടക് സംസ്ഥാന എക്സിക്യുട്ടീവ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും കേരള ബാങ്ക് ഉദ്യോഗസ്ഥനുമായ പ്രിയരാജ് ഭരതന്റെയും അനിതയുടെയും മകളാണ് .
മാസങ്ങൾ നീണ്ട നാടക പരിശീലനങ്ങളിൽ നിരവധി സ്കൂൾ ക്ലാസുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. രാത്രിയിലാണ് നാടക പരിശീലനം. നാടകം ഗൗരവമുള്ള ജീവിത പരിശീലനമാണെന്നും ചിന്തയും ഉത്തരവാദിത്തവുമുള്ള വ്യക്തിയാക്കാൻ നാടകം ഉത്തമമായ മാർഗ്ഗമാണെന്നും സർഗ്ഗ പ്രിയ പറയുന്നു. മൂന്നാം ക്ലാസ് മുതലാണ് മോണോആക്ടിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു തുടങ്ങിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയെ ആസ്പദമാക്കി തയ്യാറാക്കിയ മോണോആക്ട് ശ്രദ്ധയാകർഷിച്ചിരുന്നു. മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന കനൽസൂര്യൻ എന്ന നാടകത്തിൽ പഞ്ചമിയെ അവതരിപ്പിച്ചു കൊണ്ടായിരുന്നു നാടകത്തിൽ തുടക്കം.
ആലീസിന്റെ അത്ഭുതലോകം, പാവക്കൂട്ടം, സ്റ്റെപ് മദർ ഒഫ് സിൻഡ്രല്ല, കഥ പറയും ശലഭങ്ങൾ, മരവും പെൺകുട്ടിയും തുടങ്ങി നിരവധി നാടകങ്ങളിൽ സർഗപ്രിയ വേഷമിട്ടു.
പ്രശസ്ത നാടക പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ ജെ.ശൈലജയുടെ വീടായ വൈഖരിയിലെ പച്ചക്കരുപ്പുകൾ നാടക സംഘത്തിലെ അഭിനേത്രിയാണ്. സ്കൂൾ ഒഫ് ഡ്രാമാ അദ്ധ്യാപകനും നാടക സംവിധായകനുമായ സജി തുളസീദാസിന്റെ ചായം തേച്ച മുഖങ്ങളിലെ മുഖ്യകഥാപാത്രമായി അഭിനയിക്കുമ്പോഴാണ് പത്താം ക്ലാസ്സ് പഠനം. അച്ഛന്റെ സഹോദരി പ്രിയതാ ഭരതൻ എഴുതിയ ഈസ് ഇറ്റ് ബ്ലാക്ക് ഓർ വൈറ്റ് എന്ന കവിത ഇംഗ്ലീഷ് കോറിയോഗ്രാഫിയാക്കി രംഗത്തവതരിപ്പിച്ചു. ജില്ലാ ഗണിതോത്സവത്തിൽ ഗണിത നൃത്തം അവതരിപ്പിച്ച് ശ്രദ്ധനേടി. ശാസ്ത്രമേളകളിൽ നിരവധി തവണ ഒന്നാം സ്ഥാനം ലഭിക്കുകയും ശാസ്ത്ര സെമിനാറുകൾ നാടകീയമാക്കി വേദികളിൽ അവതരിപ്പിച്ചു. നീതി നിഷേധിക്കപ്പെട്ട വാളയാർ പെൺകുട്ടികൾക്കുവേണ്ടി നാടക് നടത്തിയ സമര പോരാട്ടങ്ങളിൽ സെക്രട്ടറിയേറ്റിനു മുമ്പിൻ നാടകം അഭിനയിച്ചു കൊണ്ട് പ്രതിഷേധിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ നാടക നടത്തത്തിലും പങ്കെടുത്തു. കലാസാംസ്കാരിക രാഷ്ടീയ പ്രവർത്തകനും നാടക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന അന്തരിച്ച പന്തളം ഭരതന്റെയും റിട്ട.വില്ലേജ് ഓഫീസർ കാർത്തിയായനിയുടേയും ചെറുമകളുമാണ്.