പത്തനംതിട്ട : ഗർഭിണിയായ യുവതി നാട്ടിലെത്താനാകാതെ കുവൈറ്റിൽ കുടുങ്ങി. നോർക്കയിൽ രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരും അന്വേഷിച്ചിട്ടില്ലെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. തുമ്പമൺ താഴം ബിജു ഭവനിൽ ബിജുവിന്റെ ഭാര്യ ശ്രീദേവിയാണ് വലയുന്നത്. ഏഴ്മാസം ഗർഭിണിയായ യുവതി പല ഏജൻസികളേയും സംഘടനകളേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് വർഷമായി ഇവർ കുവൈറ്റിലാണ്. നഴ്സായി ജോലി ചെയ്തിരുന്ന ശ്രീദേവി ഗർഭിണി ആയതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ വിശ്രമത്തിലായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കൊവി‌ഡും ലോക്ക്ഡൗണും. അങ്ങനെ യാത്ര തടസപ്പെടുകയായിരുന്നു. കുവൈറ്റിൽ ഇവർ താമസിക്കുന്നതിനടുത്ത് കൊവിഡ് കേസുകളുള്ളതിനാൽ അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ശ്രീദേവിയുടെ മൂത്തമകളായ നാലുവയസുകാരി, ഭർത്താവിന്റെ അനുജനായ ബിനുവിനും ഭാര്യ അഞ്ചുവിനുമൊപ്പമാണ് താമസിക്കുന്നത്.