തിരുവല്ല : ചാറ്റൽ മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ നഗരമദ്ധ്യത്തിലെ കെട്ടിട സമുച്ചയത്തിന്റെ മേൽക്കൂരയിലെ നൂറിലധികം ഷീറ്റുകൾ നിലംപതിച്ചു. മുപ്പതോളം ഷീറ്റുകൾ
11 കെ.വി ലൈനിൽ കുടുങ്ങിക്കിടിന്നത് ഭീതിപടർത്തി.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കാറ്റ് വീശിയത്. തിരുവല്ല- മാവേലിക്കര റോഡിൽ കുരിശുകവലയ്ക്ക് സമീപം ബി.എസ്.എൻ.എൽ ഭവന് എതിർവശമുള്ള ശങ്കരമംഗലം ബിൽഡിംഗിന്റെ മേൽക്കൂരയാണ് പറന്നുപോയത്. .
നൂറിലധികം ഷീറ്റുകൾ പറന്ന് റോഡിൽ വീണെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും ബൈക്കുകൾക്കും മുകളിൽ ഷീറ്റുകൾ വീണു. അപകടകരമാംവിധം 11 കെ.വി ലൈനിലേക്കടക്കം തൂങ്ങിക്കിടന്ന ഷീറ്റുകൾ അഗ്‌നിശമന സേനയും പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും ചേർന്ന് നീക്കം ചെയ്തു.
കേരളകൗമുദി ഓഫീസ് ഉൾപ്പെടെ അമ്പതോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്.
സംഭവത്തെതുടർന്ന് അര മണിക്കൂറിലേറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം വൈദ്യുതി വിതരണത്തിനും തടസമുണ്ടായി. കുറ്റപ്പുഴയിൽ നിന്നും ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള റോഡിൽ കാറ്റിനെ തുടർന്ന് കടപുഴകി വീണ മരം അഗ്‌നിശമന സേനയെത്തി മുറിച്ചുനീക്കി.

----------------

@ വൈദ്യുതി ലൈനിൽ ഷീറ്റുകൾ തൂങ്ങിക്കിടന്നു

@ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.