പത്തനംതിട്ട:ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സംഭവിച്ച വാഹനാപകടത്തിൽ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട് എട്ടു വർഷമായി കിടപ്പിലായ വനിതാ വില്ലേജ് ഓഫീസർക്ക്,സർവീസിൽ നിന്ന് ഒഴിവാക്കി പെൻഷൻ നൽകണമെന്ന വീട്ടുകാരുടെ യാചന അംഗീകരിക്കാതെ മേലധികാരികൾ.
ഇലന്തൂർ വില്ലേജ് ഓഫീസറായിരുന്ന
കൊടുമൺ അങ്ങാടിക്കൽ വടക്ക് സരസ്വതിവിലാസത്തിൽ
അജിതകുമാരിക്ക് അടുത്ത വർഷം മേയ് വരെ സർവീസുണ്ട്.
ഇൻവാലിഡ് പെൻഷൻ എന്ന പേരിൽ മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും ഹാജരാക്കിയ ചികിത്സാ രേഖകൾ പോരെന്നാണ് മേലധികാരികളുടെ നിലപാട്.
ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപ കടമുണ്ട്.
ഭർത്താവ് രാജൻ പിള്ള തൊഴിൽ രഹിതനാണ്. മക്കൾ ഒരു കരയെത്തിയിട്ടില്ല.
2012 മേയ് 22 വൈകിട്ട് അഞ്ചിന് ജോലി കഴിഞ്ഞ് സഹപ്രവർത്തകന്റെ ബൈക്കിന് പിന്നിലിരുന്ന് ബസ് സ്റ്റോപ്പിലേക്ക് പോയതാണ്. ബൈക്ക് ചരിഞ്ഞ് റോഡിലേക്ക് വീണ് തലയ്‌ക്ക് ക്ഷതമേറ്റാണ് ഇങ്ങനെയായത്. സംസാര ശേഷിയില്ല. ശരീരത്തിന്റെ ചലനമറ്റു.
രണ്ട് വർഷം പൂർണശമ്പളം ലഭിച്ചു. 2014മുതൽ ഇൻവാലിഡ് പെൻഷനായി പരിഗണിക്കാൻ 2018ൽ അപേക്ഷ നൽകി. മെഡിക്കൽ ബോർഡിന് ചികിത്സാ രേഖകൾ സമർപ്പിച്ചെങ്കിലും യാതൊരു നടപടിയുമില്ല.
റീ ഇംബേഴ്സ്‌മെന്റായി 3.3ലക്ഷം രൂപ അനുവദിച്ചിരുന്നു. അത് ലഭിച്ചതാകട്ടെ ആലപ്പുഴയിലെ മറ്റൊരു അജിതകുമാരിക്ക്. വീണ്ടെടുത്ത് കിട്ടിയത് 67,000രൂപ. മുഖ്യമന്ത്രിയുടെ ചികിത്സാ നിധിയിൽ നിന്ന് നൽകിയ രണ്ട് ലക്ഷം രൂപ അതിൽ നിന്ന് തിരിച്ചെടുത്തെന്ന് ഉദ്യോഗസ്ഥർ. ഭർത്താവ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. അർഹതപ്പെട്ട എൺപത് ശതമാനം തുക നൽകാൻ കമ്മിഷൻ ഉത്തരവിട്ടപ്പോൾ ചികിത്സാ രേഖകൾ നഷ്ടപ്പെട്ടെന്നായി ഉദ്യോഗസ്ഥർ. ഉത്തരവ് നടപ്പാക്കികിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.
ഭവന വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ജപ്തി നോട്ടീസെത്തി. മകളുടെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവും മുടങ്ങി. മകൾ ബി.എ.എം.എസ് പൂർത്തിയാക്കി. മകന്റെ പോളിടെക്നിക് പഠനം മുടങ്ങി. കൂലിപ്പണിക്കു പോയ രാജൻ പിള്ളയെ പ്രമേഹവും അവശതകളും വലച്ചു.
'' ഭാര്യയ്ക്ക് ഇൻവാലിഡ് പെൻഷൻ അനുവദിക്കണം. ചികിത്സയുടെ റീഇംബേഴ്സ്‌മെന്റ് തുക മുഴുവൻ തരണം. മക്കളിൽ ആർക്കെങ്കിലും ജോലി നൽകണം.''
രാജൻപിള്ള.