പത്തനംതിട്ട : മഴപെയ്താൽ നമ്മുടെ നാട്ടിലെ ബസിൽ യാത്രചെയ്യണമെങ്കിൽ കുടപിടിക്കണം. കെ.എസ്.ആർ.ടി.സി എന്നോ പ്രൈവറ്റ് എന്നോ വ്യത്യാസമില്ലാതെ ചോർച്ചയുടെ കാര്യത്തിൽ ബസുകൾക്ക് ഒരേമനസാണ്. മഴയത്ത് ബസിൽ കയറുന്നതും പുറത്ത് റോഡിൽ നിൽക്കുന്നതും ഏതാണ്ട് ഒരു പോലെ. കുടയില്ലെങ്കിൽ ബസിൽ നനഞ്ഞിരിക്കുകയേ നിവൃത്തിയുള്ളു. ബസിന്റെ മുകളിലെ തുരുമ്പ് പിടിച്ച സ്ക്രൂവിനിടയിലൂടെയാണ് വെള്ളം വീഴുന്നത്. യാത്രക്കാർ പരാതി പറഞ്ഞാലോ പ്രതികരിച്ചാലോ ബസ് ജീവനക്കാർക്ക് കണ്ടമട്ടില്ല. ചില ജീവനക്കാർ പരാതിക്കാരോട് കയർക്കുകയും ചെയ്യും. ചോർന്നൊലിക്കുന്ന ബസുകളിൽ ഗതികെട്ട് യാത്ര ചെയ്യുകയാണ് പലരും.

"മല്ലപ്പള്ളിയിൽ നിന്ന് കയറിയതാ ഞാൻ. കീഴ്വായ്പ്പൂര് കഴിഞ്ഞപ്പോഴാണ് മഴപെയ്തത്. ആദ്യം ഇരുന്നസീറ്റിൽ മുകളിൽ നിന്ന് വെള്ളം വീണപ്പോൾ അടുത്ത സീറ്റിലേക്ക് മാറി. കുറച്ചു കഴിഞ്ഞപ്പോൾ അവിടെയും ചോരുന്നുണ്ട്. അവസാനം എഴുന്നേറ്റ് എവിടെയെങ്കിലും ചോരാത്ത സീറ്റ് ഉണ്ടോയെന്ന് നോക്കിയപ്പോൾ എല്ലാവരും നനഞ്ഞു കുളിച്ചാണ് ഇരിക്കുന്നത്. കണ്ടക്ടർ എല്ലാം കാണുന്നുണ്ടെങ്കിലും ഒന്നും അറിയാത്തപോലെ വെള്ളം വീഴാത്ത സ്ഥലത്ത് മാറി നിൽപ്പാണ്. വണ്ടിക്കൂലി കൂട്ടുകയും ചെയ്തു. പാവങ്ങൾ എങ്ങനേലും യാത്ര ചെയ്തോളുമെന്നാണോ."

സ്മിത രാജീവ്

(ബസ് യാത്രക്കാരി)

"ബസിൽ ആളുകൾ കുറവാണ്. ശമ്പളം പോലും കുറച്ചേ കിട്ടുന്നുള്ളു. പിന്നെ ബസിന്റെ അറ്റകുറ്റപ്പണികൾ എല്ലാം പൂർത്തിയായിട്ടില്ല. അതിന് തന്നെ വലിയൊരു തുക ചെലവാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നടക്കുമെന്ന് തോന്നുന്നില്ല. "

മനോജ്

(ബസ് കണ്ടക്ടർ)

"ചോർച്ചയുള്ള ബസുകൾ നിരത്തിലിറക്കാൻ അനുവാദമില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. പരിശോധനകൾ കർശനമാക്കും. പരിശോധനയിൽ ഇങ്ങനെയുള്ള ബസുകൾ കണ്ടെത്തിയാൽ പിന്നീട് ഫിറ്റ്നസ് ഉറപ്പാക്കിയിട്ടേ സർവീസ് നടത്താൻ കഴിയൂ. "

ആർ.രമണൻ

(പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ)