പത്തനംതിട്ട : ലോക്ക് ഡൗണിൽ സഹായമൊരുക്കിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജില്ലാസ്പോർട്സ് കൗൺസിൽ. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അമ്പത് ദിവസം ജില്ലയിലെ ഉദ്യോഗസ്ഥർക്കടക്കം ഭക്ഷണമെത്തിച്ച് നൽകിയത് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ചുമട്ടു തൊഴിലാളികൾക്കും ശുചീകരണ തൊഴിലാളികൾക്കും പത്തനംതിട്ട നഗരത്തിൽ അലയുന്ന പാവപ്പെട്ടവർക്കും ലോക്ക് ഡൗണിൽ വലിയ ആശ്വാസമായിരുന്നു ഇവർ. സംസ്ഥാനത്ത് പത്തനംതിട്ടയിലെ സ്പോർട്സ് കൗൺസിൽ മാത്രമാണ് കമ്മ്യൂണിറ്റി കിച്ചൺ തയ്യാറാക്കിയത്. വെട്ടിപ്രത്തുള്ള സ്പോർട്സ് ഹോസ്റ്റലിലായിരുന്നു കമ്മ്യുണിറ്റി കിച്ചൺ.

ലോക്ക് ഡൗണിൽ നഗരത്തിലെ അഞ്ച് കോളനികളിൽ ഭക്ഷണമെത്തിച്ചിരുന്നത് സ്പോർട്സ് കൗൺസിലാണ്. ഒരു ദിവസം 350 പൊതികൾ വരെ വിതരണംചെയ്തു. ഹോട്ടലുകളോ ബേക്കറികളോ പ്രവർത്തിക്കാത്തതിനാൽ ഹോസ്റ്റലുകളിൽ താമസിച്ചിരുന്നവർക്കും മറ്റും മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതറിഞ്ഞാണ് സന്നദ്ധ പ്രവർത്തകരുടേയും സംഘടനകളുടേയും സഹായത്തോടെ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയത്. പൊലീസിനും മറ്റ് പ്രവർത്തകർക്കും ഇളനീരും ആയൂർവേദ കിറ്റും നൽകിയിരുന്നു. നഗരത്തിലെ പാവപ്പെട്ടവർക്ക് ഭക്ഷണ കിറ്റുകളും വിദ്യാർത്ഥികൾക്ക് കായിക ഉപകരണങ്ങളും കളിപ്പാട്ടങ്ങളും ബിസ്കറ്റും മിഠായിയും അടങ്ങിയ കിറ്റും വിതരണം ചെയ്തു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രക്തദാനം നടത്താൻ 25 വോളണ്ടീയർമാരെ തയ്യാറാക്കി. വനംവകുപ്പുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകളും വിതരണം ചെയ്തു. ഇപ്പോഴും പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്പോർട്സ് കൗൺസിലിന്റെ 25 വോളണ്ടിയർമാർ ജോലി ചെയ്യുന്നുണ്ട്.

------------------------

"ഇരുപത് വർഷത്തോളം പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കൗൺസിലർ ആയതിനാൽ നിരവധി ആളുകൾ സഹായിക്കണമെന്നഭ്യർത്ഥിച്ചിരുന്നു. അങ്ങനെയാണ് കിച്ചൺ ആരംഭിക്കാനും പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിക്കുന്നത്. പലരുടേയും സഹായം ലഭിച്ചിരുന്നു. കട ബാദ്ധ്യതകളും ഉണ്ടായി.

കെ. അനിൽ കുമാർ

(ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)