vellakkett
കുറ്റൂർ അടിപ്പാതയിൽ കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നു

തിരുവല്ല: മഴക്കാലമായതോടെ കുറ്റൂരിലെ അടിപ്പാതയും വെള്ളക്കെട്ടും വീണ്ടും ദുരിതങ്ങളിൽ നിറഞ്ഞു. അഞ്ച് വർഷം മുമ്പ് ഗേറ്റ് ഒഴിവാക്കാനാണ് പാതയിരട്ടിപ്പിക്കലിനോടൊപ്പം റെയിൽവേ കുറ്റൂരിൽ അടിപ്പാത പണിതത്.കുറ്റൂർ-മനയ്ക്കച്ചിറ റോഡിൽ അടിപ്പാത നിർമ്മിച്ചപ്പോൾ മുതൽ പ്രദേശവാസികളും യാത്രക്കാരും പലവിധത്തിലുള്ള ദുരിതം അനുഭവിക്കുകയാണ്.നാലുവശവും കോൺക്രീറ്റ്‌ ചെയ്ത ബോക്സ് ആകൃതിയിലുള്ള അടിപ്പാതയാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. പ്രദേശത്തിന്റെ പ്രത്യേകതകളൊന്നും മനസിലാക്കാതെ അശാസ്ത്രീയമായാണ് അടിപ്പാത നിർമ്മിക്കുന്നതെന്ന് അന്നേ ആക്ഷേപമുണ്ട്.ഏകദേശം നൂറുമീറ്റർ നീളത്തിലും 12മീറ്റർ വീതിയിലും നിർമ്മിച്ച അടിപ്പാതയിൽ ഓടയും നടപ്പാതയും എല്ലാം ഒരുക്കിയിട്ടുണ്ട്.എന്നാൽ മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കുകയാണ്.ചോർച്ചയില്ലെങ്കിലും റോഡിന്റെ പലഭാഗങ്ങളിൽ നിന്നും ഇവിടേക്ക് വെള്ളം ഒഴുകിയെത്തും.മഴക്കാലത്ത് രണ്ടും മൂന്നും അടിവരെ പൊക്കത്തിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കും.ഇതുകാരണം റോഡിലൂടെ പോകാനാകാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ.കുറ്റൂർ -മനയ്ക്കച്ചിറ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുകയാണ്.എന്നാൽ ഈവഴിയിലെ അടിപ്പാത റോഡ് വികസനത്തിന് തുരങ്കം വയ്ക്കുന്ന സ്ഥിതിയാണ്.

സങ്കീർണമായ പ്രശ്നങ്ങൾ


മുകളിൽ റെയിൽ പാളമായതിനാൽ പാത പൊക്കിയെടുക്കുക സാദ്ധ്യമല്ല. പാതയ്ക്കുള്ളിൽ കോൺക്രീറ്റിട്ട് ഉയരംകൂട്ടിയാൽ വലിയ വാഹനങ്ങൾ കടന്നുപോകില്ല.കനത്തമഴ പെയ്യുമ്പോഴെല്ലാം ഇവിടെ ഗതാഗതം തടസപ്പെടും.സാങ്കേതികപ്പിഴവുമൂലം ഇരുവശത്തേയും റോഡിനേക്കാൾ താഴ്ന്നനിലയിലായി അടിപ്പാത. മഴയെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിലും അടിപ്പാതയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.ഗതാഗതവും മുടങ്ങി. വെള്ളം ഒഴിഞ്ഞുപോകേണ്ട കരിപ്പാലേത്ത്-ഇടയാടി തോട്ടിലെ സംരക്ഷണഭിത്തി കഴിഞ്ഞദിവസം ഇടിഞ്ഞുവീണതും വെള്ളക്കെട്ട് ഒഴിയുന്നതിന് വിനയായി.ഇതിനിടെ സ്ഥലത്തെത്തിയ റെയിൽവേ ജീവനക്കാർക്ക് പ്രശ്നത്തിന്റെ രൂക്ഷത ബോദ്ധ്യപ്പെട്ടു.ജീവനക്കാർ പമ്പ്‌സെറ്റ് എത്തിച്ച് അഞ്ച് മണിക്കൂർ പമ്പ്‌ചെയ്താണ് വെള്ളം വറ്റിച്ചത്. അടിപ്പാതയിൽനിന്നു വഞ്ചിമലപാടത്തേക്ക് വെള്ളം ഒഴുകാൻ ഇട്ടിരുന്ന കുഴൽ മണ്ണ്കയറി അടഞ്ഞനിലയിലായിരുന്നു. മണിക്കൂറുകൾ എടുത്താണ് മണ്ണ് നീക്കിയത്.

പരിഹാരത്തിന്‌ ശ്രമം

അടിപ്പാതയിലെ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാൻ പരിഹാര നടപടിയുമായി റെയിൽവേ രംഗത്തെത്തി. കഴിഞ്ഞദിവസം റെയിൽവേ കോട്ടയം സെക്ഷൻ എൻജിനയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി.പാതയുടെ ഇരുവശത്തും റോഡിന് മേൽക്കൂരയും വശങ്ങളിൽ ഓടയും പണിയാനാണ് തീരുമാനം. ഇങ്ങനെ ചെയ്ത് അടുത്ത വർഷകാലത്തിന് മുമ്പ് പണികൾ പൂർത്തിയാക്കി വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനാണ് റെയിൽവേയുടെ നീക്കം.

-നാലുവശവും കോൺക്രീറ്റ് ചെയ്ത് ബോക്സ് രീതിയിലുള്ള അടിപ്പാത

-100 മീറ്റർ നീളം, 12 മീറ്റർ വീതി

-അശാസ്ത്രീയ നിർമ്മാണമെന്ന് ആക്ഷേപം