തിരുവല്ല: ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജില്ലാ ആശുപത്രിയിലെ ക്വാറന്റൈൻ നിരീക്ഷണകേന്ദ്രത്തിൽ നിന്ന്‌ മുങ്ങി നാട്ടിലെത്തിയ നിരണം സ്വദേശിയായ യുവാവിനെ ആരോഗ്യവിഭാഗവും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് വീണ്ടും ആശുപത്രിയിലെത്തിച്ചു. തിരികെ പോകാൻ ആംബുലൻസിൽ കയറണമെങ്കിൽ ഭാര്യയും മകളുംകൂടി തനിക്കൊപ്പം വരണമെന്ന് യുവാവ് വാശിപിടിച്ചതിനെ തുടർന്ന് കുടുംബത്തെയും ജില്ലാ ആശുപത്രിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അഞ്ച് ദിവസം മുമ്പ് ദുബായിൽനിന്ന്‌ മടങ്ങിയെത്തിയ നിരണം ഒമ്പതാം വാർഡ് സ്വദേശി ഗാർഹിക നിരീക്ഷണത്തിൽ കഴിയവെ ക്വാറന്റൈൻ ലംഘിച്ചതിനെ തുടർന്നാണ് ബുധനാഴ്ച ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്ന്‌ മുങ്ങിയശേഷം ഓട്ടോറിക്ഷയിലാണ് നാട്ടിൽ തിരികെയെത്തിയത്. വീട്ടിൽ തിരികെ കയറിയ ഇയാൾ വാതിലും ജനാലകളുമടച്ച് വീടിനുള്ളിൽ ഇരിപ്പായി. ഇതിനിടെ സംഭവമറിഞ്ഞെത്തിയ പൊലീസും ആരോഗ്യപ്രവർത്തകരും പലതവണ ആവശ്യപ്പെട്ടിട്ടും ജനാല തുറക്കാൻപോലും യുവാവ് തയ്യാറായില്ല. ഭാര്യയും മകളും എത്തിയാൽ മാത്രമേ വാതിൽ തുറക്കൂ എന്നായി. തുടർന്ന് ബന്ധുവീട്ടിൽനിന്ന്‌ ഭാര്യയെയും മകളെയും എത്തിച്ചശേഷമാണ് യുവാവ് വീടിനു പുറത്തേക്ക് വന്നത്. ഭാര്യയ്ക്കും മകൾക്കും പോകാൻ മറ്റൊരു ആംബുലൻസ് എത്തിച്ചിരുന്നു. എന്നാൽ താൻ കയറുന്ന ആംബുലൻസിൽ തന്നെ ഭാര്യയെയും മകളെയും കയറ്റണമെന്നും ഇല്ലെങ്കിൽ താൻ വരില്ലെന്നും പറഞ്ഞ് ഇയാൾ വീണ്ടും വീട്ടിലേക്ക് തിരികെ കയറാനൊരുങ്ങി. ഇതോടെ മൂവരെയും ഒരേ ആംബുലൻസിലാക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.