തിരുവല്ല: പെയിന്റ് ഗോഡൗണിലെ പെയ്ന്റ് മിക്സിംഗ് മെഷീനിൽ പടർന്ന തീ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് അണച്ചു. പെരിങ്ങര സിറ്റി പെ പെയിന്റ്സിലെ മിക്സിംഗ് യന്ത്രത്തിനാണ് ഇന്നലെ രാവിലെ 11 മണിയോടെ തീപിടിച്ചത്. പെയ്ന്റ് മിക്സ് ചെയ്യുന്നതിനായി മെഷീൻ പ്രവർത്തിപ്പിച്ചശേഷം ഉടമ ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറത്തേക്കിറങ്ങിയതിന് പിന്നാലെ കെട്ടിടത്തിനുള്ളിൽ നിന്ന് വലിയ പുകപടലം ഉയർന്നു. ഇത് ശ്രദ്ധയിപ്പെട്ട നാട്ടുകാർ ഉടമയെ അറിയിച്ച ശേഷം കത്തിക്കൊണ്ടിരിക്കുന്ന മെഷീന് സമീപത്ത് നിന്ന് പെയ്ന്റ് നിറച്ച പെട്ടികൾ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.. തുടർന്ന് തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമനസേന തീയണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. 2 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ട്.