ചെങ്ങന്നൂർ: കൊവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള അവലോകന യോഗം ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിൽ സജി ചെറിയാൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ യോഗത്തിൽ തീരുമാനിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി പൊതു ജനങ്ങൾ ക്രമാതീതമായി കൂടുന്ന സ്ഥലങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുവാൻ ചെങ്ങന്നൂർ ഡി.വൈ.എസ്പി യെ ചുമതലപ്പെടുത്തി. ബോധവൽക്കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മൂന്ന് സോണുകളായി തിരിച്ച് പൊലീസ്,റവന്യൂ, തദ്ദേശ സ്വഭയംഭരണ സ്ഥാപനങ്ങൾ,ആരോഗ്യ വകുപ്പ് എന്നീ വകുപ്പുകളിലെ മൂന്ന് ജീവനക്കാർ വീതമുള്ള സ്‌ക്വാഡുകൾ ഓരോ സോണിലും പ്രവർത്തിക്കും.കൊവിഡ് സെന്ററുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി മുളക്കുഴ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിനു പ്രവർത്തിച്ചവരുടെ സേവനം മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ഉപയോഗപ്പെടുത്തും.ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവാഹത്തിന് 50 പേർ, മരണാനന്തര ചടങ്ങുകൾ 20പേർ മാത്രം,കൂടാതെ പൊതു ചടങ്ങുകൾ പാടില്ല തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നാൽ കർശന നിയമ നടപടികൾ സ്വീകരിക്കും.കൊവിഡ് സെന്ററുകളിലെ ശുചീകരണ പ്രവർത്തനം നടത്തുന്നവരെ കണ്ടെത്തുന്നതിന് പരസ്യം നൽകാൻ പി.ആർ.ഡി യെ ചുമതലപ്പെടുത്തി. ശുചീകരണ പ്രവർത്തനം നടത്തുവരെ കണ്ടെത്തി ശുചിത്വമിഷന്റെ സഹായത്തോടെ ജില്ലാ യൂണിറ്റ് രൂപീകരിക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ യോഗം ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു.
കൊവിഡ് കെയർ സെന്ററുകളിൽ മികച്ച ഭക്ഷണം
കൊവിഡ് കെയർ സെന്ററുകളിൽ മികച്ച ഭക്ഷണം നൽകുവാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.പൊതു ജനങ്ങൾ കൂട്ടമായി എത്താറുള്ള എല്ലാ ഓഫീസുകളും ഫയർഫോഴ്സ് അണു വിമുക്തമാക്കും.വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്താതെ നാട്ടിലെത്തുന്നവരുടെ വിവരങ്ങൾ കൃത്യ സമയത്ത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരെ അറിയിക്കാൻ നടപടികൾ സ്വീകരിക്കും.