പത്തനംതിട്ട : ജില്ലയിലെ നാലാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പത്തനംതിട്ട ജിയോ മെഡിക്കൽ ട്രസ്റ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. ജിയോ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. ഏഴു ദിവസത്തിനുള്ളിൽ ആശുപത്രിയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. 80 മുതൽ 100 കിടക്കകൾ വരെ ഇവിടെ സജ്ജീകരിക്കാനാവും. നിലവിൽ ജില്ലയിൽ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 170 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.
നഗരസഭയിൽ നിന്നുള്ള 3.90 ലക്ഷം രൂപ ചെലവിലാണ് ആശുപത്രിയുടെ അറ്റകുറ്റപ്പണികളും മറ്റ് അവശ്യവസ്തുക്കൾ വാങ്ങുന്നതെന്നും നഗരസഭാ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷ് പറഞ്ഞു. നഗരസഭ സെക്രട്ടറി എ.എം.മുംതാസ്, എൻ.എച്ച്.എം ഡി.പി.എം എബി സുഷൻ, കോഴഞ്ചേരി തഹസിൽദാർ കെ. ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പോസിറ്റീവായ നേരിയ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സ്ഥലമാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ.