traffic

അടൂർ : കൊവിഡ് - 19 സാമൂഹ്യവ്യാപനം കൂടിയിട്ടും കൈകഴുകേണ്ടതിന്റെ പ്രധാന്യം പലരും മറന്നുതുടങ്ങി. ഒാർമ്മപ്പെടുത്തലുമായി ട്രാഫിക് എസ്.ഐ ഇന്നലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി. യാത്രകഴിഞ്ഞ് ബസ് ഇറങ്ങിയാലുടൻ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകഴുകേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടി അടൂർ ട്രാഫിക് എസ്.ഐ ഹസ്ഹർ ഇബ്നു മീർസാഹിബിന്റെ നേതൃത്വത്തിലാണ് സ്റ്റാൻഡിന് മുന്നിൽ കൈകഴുകാൻ അവസരമൊരുക്കിയത്. 'ശത്രു നമ്മുടെ മുന്നിലുണ്ട്, അതുകൊണ്ട് യാത്രകഴിഞ്ഞ് വരുന്നവർ നിർബന്ധമായും കൈകഴുകി സുരക്ഷ ഉറപ്പു വരുത്തൂ, ഇക്കാര്യത്തിൽ നാണക്കേട് വേണ്ട' യാത്രകഴിഞ്ഞ് വരുന്നവരെ ഇത്തരം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി കൈകളിലേക്ക് സോപ്പ്ലായനി ഒഴിച്ചുകൊടുത്ത് നിർബന്ധപൂർവ്വം കൈകഴുകിച്ചാണ് വീടുകളിലേക്ക് അയച്ചത്. പൊതുഗതാഗതം ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും സ്റ്റാൻഡിലോ പരിസരത്തോ കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യമില്ല. ടാങ്കിൽ വെള്ളം ഇല്ലാതെ സ്റ്റാൻഡിന് മുന്നിൽ കൈകഴുകാനുള്ള പൊതുസൗകര്യം നഷ്ടമാകുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തെ ടാങ്കിൽ വെള്ളം നിറക്കാൻ ചുമതലപ്പെടുത്തിയതോടെ കൈകഴുകുന്നതിനുള്ള സൗകര്യം പുനസ്ഥാപിച്ചു. ജനമൈത്രിസമിതിയംഗം പ്രദീപ് പന്നിവിഴയും ട്രാഫിക് എസ്. ഐക്കൊപ്പമുണ്ടായിരുന്നു.