കോന്നി: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസും, സൂപ്രണ്ട് ഓഫീസും ജൂലൈ മാസത്തിൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജ് ഒ.പി.പ്രവർത്തനം ആഗസ്റ്റിൽ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് ഡി.എം.ഇ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഒ.പി. ആരംഭിക്കുന്നതിന്റെ ഭാഗമായി 68 പുതിയ തസ്തികകൾക്ക് അടിയന്തര അംഗീകാരം തേടി സർക്കാരിലേക്ക് ശുപാർശ നല്കാനും യോഗം തീരുമാനിച്ചു.എൻ.എച്ച്.എം ൽ നിന്നും നിയമനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.സംസ്ഥാനത്തെ ഇതര മെഡിക്കൽ കോളേജുകളിൽ നിന്ന് ജോലി ക്രമീകരണവ്യവസ്ഥയിലും കോന്നി മെഡിക്കൽ കോളേജിലേക്ക് ജീവനക്കാരെ എത്തിക്കുമെന്നും ഡി.എം.ഇ യോഗത്തെ അറിയിച്ചു.അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങുമെന്നും ഡി.എം.ഇ പറഞ്ഞു.പരിസ്ഥിതി അനുമതി വ്യവസ്ഥകളോടെ വാങ്ങിയെടുക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടീൽ നടത്താനും യോഗം തീരുമാനിമാനിച്ചു. ഫർണിച്ചറുകൾക്കും,അനുബന്ധ ഉപകരണങ്ങൾക്കുമായി പണം ലഭ്യമാക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചു. ഇതിനായി കെ.യു. ജനീഷ് കുമാർ എം.എൽ.എ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിക്കും.ജീവനക്കാർക്ക് താമസ സൗകര്യം ഏർപ്പെടുത്തും. മെഡിക്കൽ കോളേജ് റോഡിൽ അടിയന്തര പാച്ച് വർക്ക് നടത്താൻ പി.ഡബ്ളിയു.ഡിയ്ക്ക് കത്ത് നല്കും. ദുർഘടമായ ഭാഗങ്ങളിൽ പൂട്ടുകട്ട പാകുമെന്ന് എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിലേക്ക് വാഹന സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബസ് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിയ്ക്ക് കത്ത് നല്കും.വെള്ളം എത്തിക്കുന്നതിന് താല്കാലിക സംവിധാനം ഏർപ്പെടുത്തും.രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ വിശദാംശം അടുത്ത കിഫ്ബി ബോർഡിൽ സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കെ.യു. ജനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡി.എം.ഇ ഡോ.റംല ബീവി,മെഡിക്കൽ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർമാരായ ഡോ.തോമസ് മാത്യു, ഡോ.മംഗളം,സ്‌പെഷ്യൽ ഓഫീസർ ഡോ.ഹരികുമാരൻ നായർ, പ്രിൻസിപ്പൽ ഡോ.സി.എസ്.വിക്രമൻ,സീനിയർ ഫിനാൻസ് ഓഫീസർ ശ്രീകുമാർ,പ്ലാനിംഗ് ഓഫീസർ കുഞ്ഞിമുഹമ്മദ്,നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.