പത്തനംതിട്ട: കേരളത്തിലെ സ്‌കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകൾ എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി കുട്ടികൾക്കു കൂടി എത്തിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രീ പ്രൈമറി മുതൽ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്ക് അടുത്തയാഴ്ച വിദ്യാഭ്യാസ വകുപ്പ്, മാവേലിസ്റ്റോറുകൾ മുഖേന കിറ്റുകൾ വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. എന്നാൽ എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി ക്ലാസുകളെ പട്ടികയിൽ നിന്നൊഴിവാക്കിയിരിക്കുകയാണ്.പി.ടി.എ അംഗീകാരത്തോടെയാണ് എയ്ഡഡ് സ്‌കൂളുകളിൽ പ്രീ പ്രൈമറി തുടങ്ങിയത്.കൊവിഡ് 19 പശ്ചാത്തലത്തിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിൽ എയ്ഡഡ്,ഗവൺമെന്റ് വേർതിരിവ് ആശാസ്യമല്ലെന്ന് കെ.പി.പി.എച്ച്എ ജില്ലാ സെക്രട്ടറി ബി.ഷിബു പറഞ്ഞു.