തിരുവല്ല: താലൂക്കിലെ ഭരണസിരാകേന്ദ്രമായ റവന്യൂ ടവറിനു ചുറ്റും റോഡ് നിർമ്മിച്ച് ടൈൽ പാകുന്നതിനായി 38.70 ലക്ഷം രൂപയുടെ ഭരണാനുമതി. മാത്യു ടി. തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. കോടതികൾ ഉൾപ്പെടെ 25 ഓളം സർക്കാർ ഓഫീസുകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്ന റവന്യൂ ടവറിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുകയാണ്.ഇതിന്റെ ശാശ്വത പരിഹാരമായിട്ടാണ് റവന്യൂ ടവറിനു ചുറ്റും 320 മീറ്റർ റോഡ് നിർമ്മിച്ച് ടാർ ചെയ്ത് വശങ്ങളിലും മുറ്റത്തും ഇന്റർലോക്ക് കട്ടകൾ പാകുന്നതിന് തുക അനുവദിച്ചിട്ടുള്ളത്.ഇപ്പോൾ ഉപയോഗശൂന്യമായി കാടു കയറി കിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കി കട്ടകൾ പാകുന്നതോടു കൂടി കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ലഭിക്കുകയും കാലങ്ങളായി റവന്യൂടവർ പരിസരത്തും അവിടേക്ക് വരുന്ന പൊതുമരാമത്ത് റോഡിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണത്തിന്റെ ചുമതല.