കോഴഞ്ചേരി. അയിരൂർ ചെറുകോൽപ്പുഴയിലെ ആദ്ധ്യാത്മിക മുഖമായിരുന്നു ഇന്നലെ അന്തരിച്ച സ്വാമി ചിദ്ഭവാനന്ദ സരസ്വതി .അയിരൂരിൽ ജ്ഞാനാനന്ദ ആശ്രമം ചുമതലക്കാരനായി എത്തിയപ്പോൾ മുതൽ ഗ്രാമത്തെ എല്ലാ തലത്തിലും മുന്നോട്ടുനയിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സന്യാസ ദീക്ഷ
സ്വീകരിച്ചത്. തുടർച്ചയായി 268 അഖണ്ഡ നാമജപ യജ്ഞം നടത്തിയത് ഏറെ ശ്രദ്ധേയമാണ്.തുടർച്ചയായി പതിനെട്ട് വർഷം ഭാഗവത മൂല സപ്താഹവും സ്വാമിയുടെ നേതൃത്വത്തിൽ ആശ്രമത്തിൽ നടന്നിരുന്നു. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ സഹസ്രനാമ അർച്ചനയ്ക്ക് കാർമ്മികത്വം വഹിച്ചിരുന്ന സ്വാമി മതപാഠ ശാല ക്ലാസുകളിൽ നിറ സാന്നിദ്ധ്യമായിരുന്നു.
വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകാൻ അദ്ദേഹവും ആശ്രമവും ശ്രദ്ധിച്ചിരുന്നു. ജ്ഞാനാനന്ദസരസ്വതി സ്വാമിയിൽ നിന്നും മന്ത്രദീക്ഷയും ശിവാനന്ദ ആശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതിയിൽ നിന്നും സന്ന്യാസി ദീക്ഷയും സ്വീകരിച്ചാണ് ആചാര്യ മണ്ഡലത്തിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ വേർപാട്കനത്ത നഷ്ടമാണെന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പറഞ്ഞു.