തിരുവല്ല: രാമപുരം മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സിനായി ഒരുക്കിയ സ്ഥലത്ത് നഗരസഭ കൊതുക് വളർത്തൽ തുടങ്ങി. രണ്ടുതവണ ശിലാസ്ഥാപനം നടത്തിയ ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിയാണ് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയത്. കൂടാതെ റോഡരുകിൽ യാതൊരു നിയന്ത്രണവുമില്ലാതെ പാർക്കിങ്ങായി.ഇടയ്ക്ക് കുറെപ്പേർ പുതിയ കച്ചവടവും തുടങ്ങി.നഗരസഭയുടെ കൺമുന്നിൽ കൊതുക് വളർത്തലും അനധികൃത കച്ചവടവും പാർക്കിങ്ങും എല്ലാം നടന്നിട്ടും ഒരു നടപടിയുമില്ല.ഇതുകാരണം ഇതുവഴിയുള്ള യാത്രപോലും ഭീതിയിലാണ്.

ആദ്യത്തെ ശില 2006ൽ


രാമപുരം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സിനായി 2006ലാണ് ആദ്യമായി ശിലാസ്ഥാപനം നടത്തിയത്. പിന്നീട് തുടർനടപടികൾ വൈകിയതിനാൽ പണികൾ മുടങ്ങി. തുടർന്നുള്ള ഓരോ ബഡ്ജറ്റിലും നിർമ്മാണത്തിനായി തുക വകയിരുത്തിയെങ്കിലും പലവിധ കാരണങ്ങളാൽ നടന്നില്ല.രണ്ടാമതായി 2019 ഫെബ്രുവരിയിൽ ആന്റോ ആന്റണി എം.പിയും ശിലാസ്ഥാപനം നടത്തി.നഗരസഭാ കാര്യാലയത്തിന് കിഴക്കുഭാഗത്തായി രാമപുരം ചന്തയിൽ മൂന്നുകോടി ചെലവഴിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനായി മണ്ണ് പരിശോധനയും നടന്നു.

പറഞ്ഞതെല്ലാം പതിരായി


ചെറിയാൻ പോളച്ചിറയ്ക്കൽ നഗരസഭാ ചെയർമാനായിരിക്കെയാണ് ശിലയിട്ടത്.നിലവിലുള്ള പഴയകെട്ടിടങ്ങൾ പൊളിച്ചുനീക്കി 25000 ചതുരശ്രഅടിയിലായി നാല് നിലകളിലാണ് കെട്ടിടം നിർമ്മിക്കുക,വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ കോംപ്ലക്‌സിന്റെ ഡിസൈനിംഗും സൂപ്പർവേഷനും എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനം നിർവഹിക്കും.ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.മണ്ണ് പരിശോധന ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ ഷോപ്പിംഗ് കോംപ്ലക്സ് സമർപ്പിക്കുമെന്ന് അന്ന് നഗരസഭാ അധികൃതർ പറഞ്ഞിരുന്നു.എന്നാൽ ഇതുവരെയും ഒന്നും സംഭവിച്ചിട്ടില്ല. പറഞ്ഞതെല്ലാം പാഴ്വാക്കായി.രണ്ടാമത് ശിലയിട്ട് ഒന്നരവർഷത്തോളമായിട്ടും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ തുടർനടപടി ഉണ്ടായിട്ടില്ല.

മഴക്കാലമായതോടെ ചെളിവെള്ളം കെട്ടിക്കിടന്ന് കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണെന്നും പരിഹാരം ഉണ്ടാക്കണം.(വ്യാപാരികൾ)