കടമ്പനാട് : പാൽ ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലെത്തിക്കാൻ ആരംഭിച്ച പശുവളർത്തൽ പദ്ധതികൾക്ക് താളംതെറ്റുന്നു. ജില്ലയ്ക്ക് അനുവദിക്കുന്ന പദ്ധതികളിൽ വലിയ കുറവാണ് അധികൃതർ വരുത്തുന്നത്. ഈ വർഷം പശുവളർത്തലിനും കറവയന്ത്രത്തിനും തൊഴുത്ത് നിർമാണത്തിനുമായി അപേക്ഷ ക്ഷണിച്ചപ്പോൾ ജില്ലയിലെ എട്ട് ബ്ളോക്ക് ഡിവഷനുകളിലായി 3200 ൽ അധികം അപേക്ഷകളാണ് ലഭിച്ചത് . മുൻവർഷങ്ങളിൽ ശരാശരി അപേക്ഷകരുടെ എണ്ണം 1500 ൽ താഴെ മാത്രമായിരുന്നു. കൊവിഡ് രോഗഭീതിയുടെയും ലോക്ക് ഡൗണിന്റെയും സാഹചര്യങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട നൂറ് കണക്കിനാളുകൾ പശുവളർത്തലിലേക്ക് തിരിയാൻ താൽപര്യമെടുത്തതാണ് എണ്ണം വർദ്ധിക്കാൻ കാരണം. ഒരു പശുവിനെ വളർത്തുന്നതിന് 35,000 രൂപയാണ് സർക്കാർ സബ്സിഡി നൽകുന്നത്. പശുക്കളുടെ എണ്ണം കൂടുമ്പോൾ സബ്സിഡിതുക വർദ്ധിക്കും. ഒന്ന്, രണ്ട് ,അഞ്ച് ,പത്ത് പശുക്കളുടെ യൂണിറ്റ്, അഞ്ച് കിടാരികളുടെ യൂണിറ്റ് , പത്ത് കിടാരികളുടെ യൂണിറ്റ് , നാടൻ പശുവിന്റെ പ്രത്യേക യൂണിറ്റ്, കറവയന്ത്രം, തൊഴുത്ത് നിർമാണം, കമ്പോസിറ്റ് ഡയറി യൂണിറ്റ് എന്നിങ്ങനെ തിരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. കൂടാതെ അതിജീവനം എന്നപേരിൽ പ്രത്യേകപദ്ധതിയും തുടങ്ങി. എന്നാൽ ഈ വർഷം പദ്ധതികൾ അപേക്ഷ വാങ്ങലിൽ ഒതുങ്ങി.

കഴിഞ്ഞവർഷം അനുവദിച്ചത്

ഒരു പശുവിന്റെ 46 യൂണിറ്റ്, രണ്ട് പശുവിന്റെ 28 യൂണിറ്റ്, അഞ്ച് പശുവിന്റെ 1 യൂണിറ്റ്, പത്ത് പശുവിന്റെ ഒരു യൂണിറ്റ്, അഞ്ച് കിടാരിയുടെ ഒരു യൂണിറ്റ്, പത്ത് കിടാരിയുടെ 2 യൂണിറ്റ്,

13 കറവയന്ത്രം, 25 തൊഴുത്ത്, 17 കമ്പോസിറ്റ് ഡയറിയൂണിറ്റ്.

ഈ വർഷം അനുവദിച്ചത്

ഒരു പശുവിന്റെ 11 യൂണിറ്റ്, നാടൻ ഇനം പശുവിന്റെ 2 യൂണിറ്റ്, രണ്ട് പശുവിന്റെ 5 യൂണിറ്റ്, 8 കറവയന്ത്രം, 8 തൊഴുത്ത് , 6 കമ്പോസിറ്റ് ഡയറി യൂണിറ്റ്.

പദ്ധതികൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികൾ അനുവദിക്കുന്നതിനാലാണിത്. രണ്ട് പശുവിന്റെ യൂണിറ്റ് ആരംഭിക്കുന്നവർക്ക് 1,02,300 രൂപ വായ്പ ലഭിക്കും. ഇതിന് പലിശ കുറവാണ്. കൂടാതെ 60000 രൂപ സബ്സിഡിയും ലഭിക്കും. ഇത്തരത്തിൽ 10000 യൂണിറ്റാണ് സംസ്ഥാനതലത്തിൽ നടപ്പാക്കാൻ പോകുന്നത്. കർഷകർക്ക് കേരളാ ബാങ്ക്, സഹകരണ ബാങ്കുകൾ എന്നിവയെ സമീപിക്കാം.

കെ.രാജു

മൃഗസംരക്ഷണ - വനം വകുപ്പ് മന്ത്രി