പത്തനംതിട്ട : ലോക്ക് ഡൗണും കൊവിഡും പ്രതിസന്ധിയിലാക്കിയതോടെ കടയടച്ച് മടങ്ങേണ്ട അവസ്ഥയാണ് ട്രാവൽ എജൻസികൾക്ക്. ഇവരെ സഹായിക്കാൻ പ്രത്യേക പാക്കേജുകൾ ഒന്നും തയാറാക്കിയിട്ടുമില്ല. ജില്ലയിൽ 200 ട്രാവൽ ഏജൻസികളാണുള്ളത്. പത്തനംതിട്ട നഗരത്തിൽ തന്നെ അമ്പതോളം ഏജൻസികളുണ്ട്. എല്ലായിടത്തും മൂന്നും നാലും ജീവനക്കാരും. ലോക്ക് ഡൗൺ ആയതോടെ വിമാന സർവീസുകൾ നിറുത്തിയത് കനത്ത തിരിച്ചടിയായി. ലോക്ക് ഡൗണിന് രണ്ട് മാസം മുമ്പേ മലേഷ്യയിലേക്കും സിംഗപൂരിലേക്കും ടിക്കറ്റുകൾ ബുക്ക് ചെയ്ത നിരവധിപ്പേരാണുള്ളത്. മാർച്ച് 24ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ചെയ്ത് നൽകാൻ എയർലൈനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുമ്പ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ലഭിക്കാത്ത സ്ഥിതിയാണ്. നിരവധി ആളുകൾ ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ്. നിലവിൽ ഏജൻസികളിൽ പലതും പൂട്ടിയിട്ടിരിക്കുകയാണ്.
ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന മേഖലയാണിത്. തീർത്ഥാടനത്തിനും മറ്റുമായി ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന സമയമാണിത്. ഉമ്രയും ഹജ്ജും അടക്കം ഇവയിൽപ്പെടും. നിരവധിയാളുകളാണ് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. അവർ ഇപ്പോൾ ഫണ്ട് തിരിച്ച് ചോദിക്കുകയാണ്. എയർലൈൻസ് തുക തിരികെ തന്നിട്ടുമില്ല.
എം.എച്ച് ഷാജി
(ട്രാവൽ ഏജൻസി അസോസിയേഷൻ പത്തനംതിട്ട അംഗം)
ഏജൻസികളുടെ പ്രവർത്തനങ്ങൾ
പാസ്പോർട്ട് സർവീസ്
വിസ പുതുക്കൽ
ടൂർ പാക്കേജുകൾ
തീർത്ഥാടന പാക്കേജ്