കൊടുമൺ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യവിൽപ്പനശാലകൾക്ക് സമയത്തിൽ നിയന്ത്രണം ഏർപ്പെടുമ്പോഴും കൊടുമൺ പരിസരപ്രദേശങ്ങളിലും അനധികൃതമായ മദ്യ വില്പന തകൃതിയായി നടക്കുന്നു. ഇതിനെതിരെ നടപടി എടുക്കുന്ന അധികൃതർ ആകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ബിവറേജസ് കോർപ്പറേഷനിൽ നിന്നും മറ്റ് ബാറുകളിൽ നിന്നും മദ്യം ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്തു മദ്യം വാങ്ങി വൈകുന്നേരം 5ന് ശേഷം പണിക്കു പോയി വരുന്ന ആളുകൾക്ക് 150 മുതൽ 200 രൂപ വരെ അധികമായി ഈടാക്കി വിൽക്കുകയാണ്. ഇവിടെ തട്ടുകടകൾ കേന്ദ്രീകരിച്ചും വീടുകൾ കേന്ദ്രീകരിച്ചാണ് അനധികൃതമായ മദ്യ വില്പന നടക്കുന്നത്. ചിലർ വാഹനങ്ങളിലും മദ്യ വില്പന നടത്തുന്നതായി നാട്ടുകാർ ആക്ഷേപം ഉയർത്തുന്നു. സർക്കാർ നിർദേശപ്രകാരം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമാണ് ബീവറേജ് ഔട്ട്‌ലെറ്റുകൾ ബാറുകളും പ്രവർത്തിക്കുവാൻ അനുമതി. എന്നാൽ തൊഴിലാളികൾ അധികമുള്ള ഇവിടെ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്തു സമയത്ത് പോയി മദ്യം വാങ്ങാൻ സാധിക്കാത്ത തൊഴിലാളികളെ ലക്ഷ്യംവെച്ചാണ് മദ്യക്കച്ചവടം നടക്കുന്നത്.