കലഞ്ഞൂർ: പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ ജില്ലയിലെ ഏറ്റവും വലിയ സർക്കാർ സ്‌കൂളിൽ ഓൺലൈൻ പഠനത്തിന് പിന്തുണ തുടരുന്നു. ചങ്ക് ദോസ്ത് നവമാദ്ധ്യമ കൂട്ടായ്മയും 2002 എസ്.എസ് എൽ സി ബാച്ച് സ്റ്റുഡൻസും ചേർന്നാണ് കഴിഞ്ഞ ദിവസം ആറ് ടി.വി അർഹരായവർക്ക് വിതരണം ചെയ്തത്.സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമും ജില്ലാ വ്യവസായ വകുപ്പും ഇതോടൊപ്പം ഓരോ ടിവികൾ വീതം എത്തിച്ചു.ഇതോടെ ജൂൺ ആദ്യം മുതൽ വിതരണം ചെയ്ത ടി.വികളുടെ എണ്ണം 30 കടന്നു. ഒരു സ്മാർട്ട് ഫോണടക്കം ജില്ലയിൽ ഏറ്റവുമധികം പഠന സാമഗ്രികൾ വിതരണം ചെയ്ത സർക്കാർ വിദ്യാലയം എന്ന പേരും കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സ്വന്തമാക്കി. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം.എസ്.രേണുകാഭായ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷിന്റെ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ പി.ജയ ഹരി,വാർഡംഗം ലക്ഷ്മി അശോക്,വിരമിച്ച അദ്ധ്യാപികമാരായ ജി.ഗൗതമി, പത്മാക്ഷിയമ്മ, മനോഹരൻ നായർ,സജയൻ ഓമല്ലൂർ ,ഫിലിപ്പ് ജോർജ്, ബിജോ ജോയി എന്നിവർ സംസാരിച്ചു.