മലയാലപ്പുഴ: 41 വർഷങ്ങൾന്ന് മുമ്പ് ഒരു ദിനം... ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ നിന്ന് കാമുകനൊപ്പം ഇറങ്ങി വന്ന സാവത്രി ഗർഭിണിയായിരുന്നു. കാമുകനും കൂട്ടാളികളും ചേർന്ന് പത്തനംതിട്ടയിൽ നിന്ന് ബസ് മാർഗം പുതുക്കുളത്ത് കൊണ്ടുവന്ന യുവതിക്ക് അവിടെയുണ്ടായിരുന്ന ചായക്കടയിൽ നിന്ന് സന്ധ്യാസമയത്ത് ചായയും പലഹാരങ്ങളും വാങ്ങി നൽകി. ഇരുട്ടാകാൻ കാത്തിരുന്ന സംഘം രാത്രിയായപ്പോൾ റബ്ബർത്തോട്ടത്തിലെ വിജനമായ വഴിയിലൂടെ യുവതിയെ റബർത്തോട്ടത്തിൽ എത്തിച്ചു. അർദ്ധരാത്രിയിൽ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയ സാവത്രിയുടെ മൃതദേഹം തീകൊളുത്തി.
1979 ൽ നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കഥ പറയുന്ന മലയാലപ്പുഴ പഞ്ചായത്തിലെ ഹരിസൺ മലയാളം പ്ലാന്റെഷന്റെ കുമ്പഴത്തോട്ടത്തിലെ വിജനമായ പ്രദേശമാണിത്. സാവത്രി അവസാനം എത്തപ്പെടുകയും ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത വിജനമായ പ്രദേശം പിൽക്കാലത്ത് യുവതിയുടെ പേരിനൊപ്പം അറിയപ്പെടുകയായിരുന്നു. സാവത്രിക്കാട് എന്ന് നാട്ടുകാർ പറയുമ്പോൾ ഭീതിയാണ് നിഴലിക്കുന്നത്.
ലോക്കപ്പ് മർദനം
കേസിലെ പ്രതികൾക്കായി പൊലീസ് നടത്തിയ അന്വേഷണത്തിൽ തോട്ടത്തിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും അന്ന് ക്രൂരമായ ലോക്കപ്പ് മർദനമേറ്റു. പൊലീസ് ആദ്യം സംശയിച്ചതും ചോദ്യം ചെയ്തതും ടാപ്പിംഗ് തൊഴിലാളികളെയും തോട്ടത്തിലെ മറ്റുജോലിക്കാരെയുമായിരുന്നു. ക്രൂരമായ ലോക്കപ്പ് മർദനമേറ്റവരെല്ലാം നിരപരാധികളായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. കേസിലെ പ്രതികളായ സാവത്രിയുടെ കാമുകനെയും കൂട്ടാളികളെയും പിന്നീട് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഭയപ്പെടുത്തുന്ന അന്തരീക്ഷം
കൊലപാതകത്തിന് ശേഷം വർഷങ്ങളോളം സാവത്രിക്കാടിലേക്ക് പോകാൻ ആരും ധൈര്യപ്പെട്ടില്ല. ജനവാസ മേഖലയിൽ നിന്ന് അകലെ നിൽക്കുന്ന ഈ സ്ഥലം ഇന്നും വിജനമാണ്. കിഴക്കുപുറം, ഇലക്കുളം, പുതുക്കുളം, ചെങ്ങറ എന്നീ ജനവാസമേഖലകളിൽ നിന്ന് ഇവിടെയെത്താൻ ഏറെ നേരം തോട്ടത്തിലെ വഴികളിലൂടെ നടക്കണം. പുതുക്കുളം കവലയിൽ ചായക്കട നടത്തിയ സ്ത്രീയുടെ മൊഴിയാണ് കേസന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥരിൽ പലരും ജീവിച്ചിരിപ്പില്ല.ലോക്കപ്പിൽ മർദനമേറ്റ നിരപരാധികളായ തൊഴിലാളികളിൽ പലരും മരിച്ചു.
എന്നാൽ പാതിരാക്കൊലപാതകത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകളുമായി സാവത്രിക്കാട് ഇന്നും വിജനമായി നിലകൊള്ളുന്നു.