പത്തനംതിട്ട: മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിർമിച്ച കാവനാൽകടവ് പാലത്തിന്റെ ഉദ്ഘാടനം നാളെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മാത്യു.ടി തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മുരണി യു.പി സ്കൂൾ കെട്ടിടത്തിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. 568.46 ലക്ഷം രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 126.6 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലത്തിൽ ഏഴര മീറ്റർ വീതിയിൽ വാഹന ഗതാഗത പാതയും ഒന്നര മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.