05-mockdrill

പത്തനംതിട്ട : പമ്പയാറ്റിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ റാന്നി ഉപാസനക്കടവിന് സമീപം ഒറ്റപ്പെട്ടുപോയ 11 പേരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷിത 'ക്യാമ്പുകളിലേക്ക് ' മാറ്റി. 'നിരവധിപേർ അപകടത്തിൽപ്പെട്ടു' എന്ന വിവരം അറിഞ്ഞ് ഫയർ ഫോഴ്സ്, പൊലീസ്, ആരോഗ്യം, പഞ്ചായത്ത്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. ഉപാസനക്കടവിന് എതിർവശത്തെ കരയിൽ 15 ഓളം ആളുകൾ 'വെള്ളപ്പൊക്കത്തിൽ ' കുടുങ്ങി കിടക്കുന്നു എന്ന വിവരം ലഭിച്ച് എത്തിയ ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ രണ്ടു ഡിങ്കിയും രണ്ട് എൻജിനുകളും സ്ട്രക്ച്ചറും അസ്‌ക്കാലൈറ്റ് ഉൾപ്പെടെയുള്ള സജീകരണങ്ങളോടെ 'രക്ഷാപ്രവർത്തനം ' നടത്തി.
സംഭവ സ്ഥലത്ത് എത്തിയ പ്രദേശവാസികൾ ആദ്യം കാര്യമെന്തെന്ന് അറിയാതെ ആശങ്കപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ ആണെന്ന് അറിഞ്ഞതോടെ ഇവരുടെ മുഖത്ത് ആശങ്ക മാറി കരുതലിന്റെ പുഞ്ചിരി വിടർന്നു. നാട്ടുകാരിൽ ചിലരും രക്ഷാപ്രവർത്തനത്തിൽ സജ്ജീവ പങ്കാളിയായി.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന രക്ഷാപ്രവർത്തനത്തിൽ 60 വയസിന് മുകളിൽ പ്രായമായ രണ്ടു പേരെ ആദ്യം സ്‌കൂൾ ബസിൽ പെന്തക്കോസ്തൽ മിഷൻ 'ക്യാമ്പിലേക്ക് ' മാറ്റി. 10 വയസിനും 60 വയസിനും ഇടയിലുള്ള മൂന്നുപേരെ ഡിങ്കിയിൽ ഉപാസനക്കടവിൽ എത്തിച്ച് ടിപ്പറിൽ പി.ജെ.ടി ഹാളിലെ 'ക്യാമ്പിലേക്ക് ' മാറ്റി. 'കൊവിഡ് നിരീക്ഷണത്തിലുള്ള' നാലുപേരെ മാർത്തോമ നഴ്സിംഗ് ഹോസ്റ്റലിലെ 'ക്യാമ്പിലേക്ക് ' ആംബുലൻസിൽ മാറ്റി. 'കൊവിഡ് ലക്ഷണങ്ങളുള്ള' രണ്ടു പേരെ എം.എസ് എച്ച്.എസ്.എസ് 'ക്യാമ്പിലേക്ക് ' മാറ്റി.
. ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി റാന്നി താലൂക്കിൽ നടത്തിയ മോക്ക്ഡ്രിൽ അക്ഷരാർഥത്തിൽ രക്ഷാപ്രവർത്തനത്തിന്റെ നേർസാക്ഷ്യമായി. കോവിഡ് പശ്ചാത്തലത്തിൽ പി.പി.കിറ്റ്, ഗ്ലൗസ്, മാസ്‌ക്ക്, സാനിറ്റെസർ തുടങ്ങിയവ ധരിച്ചായിരുന്നു രക്ഷാപ്രവർത്തനം.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ നേതൃത്വം നൽകി. മോക്ക് ഡ്രില്ലിനായി രണ്ട് ആംബുലൻസ്, ഒരു സ്‌കൂൾ ബസ്, ഒരു ടിപ്പർ, ഒരു ഫയർ ഫോഴ്സ് ടെൻഡർ, സ്‌കൂബാ വാൻ തുടങ്ങിയവ ഉപയോഗിച്ചു. റാന്നി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ്. വിജയൻ ഇൻസിഡന്റ് കമാൻഡറായി പ്രവർത്തിച്ചു. പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജി കെ.വർഗീസ് നിരീക്ഷകനായിരുന്നു. റാന്നി തഹസിൽദാർ ജോൺ പി.വർഗീസ്, റാന്നി എൽ.ആർ. തഹസിദാർ ഒ.കെ. ഷൈല, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ്, പത്തനംതിട്ട ഫയർ ആൻഡ് സേഫ്ടി ഓഫീസർ വി.വിനോദ്കുമാർ, റാന്നി ആർ.എം.ഒ ഡോ.അജാസ് ജമാൽ തുടങ്ങിയവർ മോക്ക്ഡ്രില്ലിൽ പങ്കെടുത്തു.