പരിക്കേറ്റത് ഡയാലിസിസിന് എത്തിച്ചപ്പോൾ
തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് എത്തിച്ച വയോധികയ്ക്ക് വീൽ ചെയറിന്റെ ചക്രം ഒടിഞ്ഞ് നിലത്തുവീണ് പരിക്കേറ്റു. ആലപ്പുഴ തലവടി 11ാം വാർഡിൽ ഇരുപതിൽച്ചിറ വീട്ടിൽ വത്സമ്മ നാരായണനാണ് (64) പരിക്കേറ്റത്. വീഴ്ചയിൽ ഇടുപ്പെല്ല് പൊട്ടി.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അതിവേദനയെടുത്ത് പുളഞ്ഞ വത്സമ്മയ്ക്ക് ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവർ ചികിത്സ നിഷേധിച്ചതായി കാട്ടി ആരോഗ്യ വകുപ്പ് മന്ത്രിക്ക് ബന്ധുക്കൾ പരാതി നൽകി. ഡയാലിസിസ് ചെയ്യുന്നതിനായി മൂത്തമകൾ ഗീതയോടൊപ്പം ഓട്ടോയിൽ എത്തിയ വത്സമ്മയെ വാഹനത്തിൽ നിന്ന് ഇറക്കി വീൽചെയറിൽ ഇരുത്തി ഡയാലിസിസ് യൂണിറ്റിലേക്ക് കൊണ്ടുപോകുമ്പോൾ വീൽചെയറിന്റെ ചക്രമൊടിഞ്ഞ് നിലത്ത് വീഴുകയായിരുന്നു. തുടർന്ന് സ്‌ട്രെച്ചറിൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡയാലിസിന് പൂർത്തിയാക്കിയ ശേഷവും ഇടുപ്പെല്ലിന് കഠിനമായ വേദനയുണ്ടെന്ന് വത്സമ്മ ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവരോട് പറഞ്ഞെങ്കിലും പാരസെറ്റമോൾ മാത്രം നൽകി വാർഡിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വാർഡ് മെമ്പർ അജിത് കുമാർ പിഷാരത്ത് എത്തി ഇടപെട്ടതോടെയാണ് ഒാർത്തോവിഭാഗം ഡോക്ടർ അടക്കമുള്ളവർ പരിശോധിക്കാൻ തയാറായത്. ഇടത് ഇടുപ്പെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയതോടെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ കിടക്ക അടക്കമുള്ള ചികിത്സാ സംവിധാനങ്ങൾക്ക് കാലതാമസം നേരിടാനിടയുള്ളതിനാൽ താലൂക്ക് ആശുപത്രിൽ തന്നെ തുടരാൻ ബന്ധുക്കളും വാർഡ് മെമ്പറും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കളിൽ നിന്ന് സമ്മതപത്രം എഴുതി വാങ്ങി വത്സമ്മയെ അഡ്മിറ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഉച്ചവരെയും വത്സമ്മയ്ക്ക് ആവശ്യമായ പരിശോധനകളോ ചികിത്സയോ നൽകാൻ ഡോക്ടർമാർ തയാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി.