അടൂർ : അമ്മ മരിച്ചെന്നും അച്ഛന് എത്താൻ കഴിയില്ലെന്നും ആളുകൾ അടക്കം പറയുന്നത് സൗരവിന് മനസിലാകുന്നില്ല. വിധിയുടെ ക്രൂരതയറിയാതെ കുസൃതികാട്ടി നടക്കുന്ന ഇൗ കുരുന്ന് നാടിന്റെ നൊമ്പരമാണ്. എം.സി. റോഡിൽ അപകടത്തിൽ മരിച്ച നിഷയുടെ ഇളയ മകനാണ് സൗരവ്.
പന്തളം എൻ. എസ്. എസ്. എസ് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അദ്ധ്യപികയായ ആർ. നിഷ (36) ഒാടിച്ച സ്കൂട്ടറിൽ കാറിടിച്ച് വെള്ളിയാഴ്ചയായിരുന്നു അപകടം.
നരിയാപുരം വയലാവടക്ക് ഐശ്വര്യയയിൽ അജയകുമാറിന്റെ ഭാര്യയാണ് നിഷ. സംസ്കാരം ഇന്ന് രാവിലെ പത്തിന് കുടുംബവീടായ ഏനാത്ത് പുതുശേരിഭാഗം ലക്ഷ്മി നിവാസിൽ നടക്കും.
സൗത്ത് ആഫ്രിക്കയിലെ നൈജീരായിൽ ജോലി ചെയ്യുന്ന അജയകുമാറിന് കൊവിഡ് പ്രതിസന്ധി മൂലം ഭാര്യയെ യാത്രയാക്കാൻ എത്താൻ കഴിയില്ല. ചേതനയറ്റ്കിടക്കുന്ന അമ്മയ്ക്ക് വിട നൽകാൻ മൂത്ത മകനായ പതിനൊന്ന് വയസുകാരനായ സൂര്യദേവിനൊപ്പം ഒന്നുമറിയാത്ത നാല് വയസുകാരനായ സൗരവും ഉണ്ടാകും. പ്രിയ സഹോദരിക്ക് അന്ത്യ ചുംബനം നൽകാൻ സഹോദരൻ ഇന്നലെ ദുബൈയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അടൂർ കോട്ടമുകളിൽ പുതിയതായി പണിയുന്ന വീട്ടിലെ ജോലിക്കാർക്ക് കൂലി നൽകി തിരിച്ചുവരുമ്പോഴാണ് അമിതവേഗതിൽ എത്തിയ കാർ നിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചത്.അടൂർ ജനറൽ ആശുപ്രയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.