ആറന്മുള : കാവാരികുളം കണ്ഠൻ കുമാരന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സമാധി സ്ഥലമായ ആറന്മുള അയ്യൻകോയിക്കലിൽ 2015ൽ നിർമ്മാണം ആരംഭിച്ച സ്മാരക മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കണമെന്ന് തിരുവിതാംകൂർ സാംബവർ മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. 2015 മേയ് 18 ന് നിർമ്മാണം ആരംഭിച്ചെങ്കിലും നാളിതുവരെയായി നിർമ്മാണം പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇതിന് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പിന് മുമ്പായി സ്മാരക മന്ദിരത്തിന്റെ പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കണമെന്നും അല്ലാത്ത പക്ഷം ആറന്മുള പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികൾക്ക് സംഘടന നേതൃത്വം കൊടുക്കുവാൻ തീരുമാനിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി വി.ടി ഷിജി പ്രസിഡന്റ്,പി.കെ. നിജുകുമാർ ജനറൽ സെക്രട്ടറി, വി.ടി. തങ്കൻ ട്രഷറാർ, സി.ജി. നാരായണൻ വൈസ് പ്രസിഡന്റ്, ടി.കെ. ഓമന ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.