പത്തനംതിട്ട : ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മെഡിക്കൽ എൻജിനിയറിംഗ് പ്രവേശനപരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തുന്ന സൗജന്യ മാതൃകാ എൻട്രൻസ് പരീക്ഷകൾ നാളെ ആരംഭിക്കും. 7 ന് ഫിസിക്‌സ് കെമിസ്ട്രി , 8 ന് മാത്തമാറ്റിക്‌സ് 9 ന് ബയോളജി എന്നിങ്ങനെയാണ് പരീക്ഷാ ക്രമം. വിവിധ വിഷയങ്ങളിലെ വിദഗ്ദരായ അദ്ധ്യാപകർ തയാറാക്കുന്ന ചോദ്യങ്ങളുൾപ്പെടുത്തി നീറ്റ് പരീക്ഷാ മാതൃകയിലാണ് ഓൺലൈൻ ടെസ്റ്റ് നടക്കുക. നെഗറ്റീവ് മാർക്കിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതല്ല. അദ്ധ്യാപക സംഘടനയുടെ ഔദ്യോഗിക വെബ് സൈറ്റായ www.hsstaplus.com ഫേസ്ബുക്ക് പേജായ www.facebook.com/hssta എന്നിവ വഴി രാവിലെ 10 ന് പരീക്ഷാ ലിങ്കുകൾ ലഭ്യമാവും. ഉച്ചക്ക് 12.45 ന് പരീക്ഷാ ലിങ്കുകൾ പിൻവലിച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷാഫലവും ഉത്തര സൂചികകളും ലഭ്യമാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. കൊവിഡ് ലോക്ക് ഡൗൺ സമയത്ത് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും മൂന്നു ഘട്ടങ്ങളായി ഓൺലൈൻ പരീക്ഷകളും ഓഫ് ലൈൻ ചോദ്യപേപ്പറുകളും ലഭ്യമാക്കിയിരുന്നു. നിലവിൽ എല്ലാ വിഷയങ്ങളിലെയും ഓൺലൈൻ ക്ലാസുകൾ ഔദ്യോഗിക വെബ് സൈറ്റ് വഴിയും യുട്യൂബ് ചാനൽ വഴിയും ലഭ്യമാക്കുന്നുണ്ടെന്ന് എച്ച്.എസ്.എസ്.ടി എ സംസ്ഥാന അക്കാദമിക് കൗൺസിൽ ചെയർമാൻ എം.സന്തോഷ് കുമാർ ,ഓൺലൈൻ പരീക്ഷാ കൺവീനർ കെ.എ അഫ്‌സൽ എന്നിവർ അറിയിച്ചു.