മല്ലപ്പള്ളി: മണിമലയാറിന് കുറുകെ മല്ലപ്പള്ളി - ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവനാൽക്കടവ് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. മുരണി യു.പി. സ്‌കൂളിൽ ചേരുന്ന യോഗത്തിൽ അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
പൂർത്തീകരിച്ചത് 10 വർഷമെടുത്ത്
മണിമലയാറിന് കുറുകെ മുരണി - പുല്ലുകുത്തി കരകളെ ബന്ധിപ്പിച്ച് പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ട്. നിരവധി തവണ ഇതിനായി ശ്രമം നടന്നെങ്കിലും 2011 ജനുവരി 28ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.വിജയകുമാർ നിർമ്മാണത്തിന് തറക്കല്ലിട്ടു. 4.70 കോടി രൂപയാണ് അന്ന് പ്രതീക്ഷിച്ചിരുന്ന നിർമ്മാണ ചെലവ്. നിർമ്മാണ പ്രവർത്തികൾക്ക് പലപ്പോഴും തടസം നേരിട്ടെങ്കിലും 126.60 മീറ്റർ നീളത്തിലും നടപ്പാത ഉൾപ്പെടെ 11.05 മീറ്റർ വീതിയിലും 5 സ്പാനുകളിലാണ് പാലം നിർമ്മിച്ചത്. സർക്കാരിന്റെ മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി തുക അധികരിച്ച് നൽകിയും നിർമ്മാണം പൂർത്തിയാക്കിയപ്പോൾ അപ്രോച്ച് റോഡ് നിർമ്മാണം പ്രതിസന്ധിയിലായി. പാലവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾ നടന്നിരുന്നു. അഡ്വ. മാത്യു ടി തോമസ് എം.എൽ.എ ഇടപെട്ട് പലതവണ ഉദ്യോഗസ്ഥരെയും കരാറുകാരെയും വിളിച്ചുചേർത്താണ് നിർമ്മാണ തടസ്സംമാറ്റി പാലം ഇരുകര മുട്ടിയത്. വസ്തു ഉടമസ്ഥർ സൗജന്യമായി സ്ഥലം വിട്ടുനൽകി നിർമ്മിച്ച പാലത്തിന് ഒരുകോടിയോളം രൂപാ അധികം വകയിരുത്തിയാണ് അവസാനവട്ട മിനുക്കുപണികൾ നടന്നത്.
പാലം തുറന്നുകൊടുക്കുന്നതോടുകൂടി കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്കും തിരിച്ചും സുഗമമായി സഞ്ചരിക്കാനാകും. കൂടാതെ മല്ലപ്പള്ളി ടൗണിൽ ഗതാഗത തടസം നേരിട്ടാൽ വാഹനങ്ങൾ പാലത്തിലൂടെ തിരിച്ചുവിടാനാകും. എരുമേലി വിമാനത്താവണം യാഥാർത്ഥ്യമാകുമ്പോൾ യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കും.