
തിരുവല്ല: നാലുമാസമായി ഉൗണും ഉറക്കവും ഉപേക്ഷിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേവനപാതയിലാണ് തിരുവല്ല വെൺപാല കളത്തിപ്പറമ്പിൽ വിനീതും (26) പുതുപ്പറമ്പിൽ മനുവും (26).
പുഷ്പഗിരി മെഡിക്കൽ കോളേജിന് എതിർവശത്തുള്ള ക്വാറന്റൈൻ സെന്ററിൽ സദാസമയവും സഹായത്തിന് ഇവരുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചും നിരീക്ഷണത്തിൽ കഴിയുന്നവരുമായി പങ്കുവച്ചും ആവശ്യമായ സഹായങ്ങൾ നൽകി സന്നദ്ധപ്രവർത്തനങ്ങളിൽ തുടരുന്നു. തിരുവല്ല നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ക്വാറന്റൈൻ സെന്ററുകളിൽ ആഹാരം എത്തുന്നത്. ഇവിടെ നിന്ന് ഭക്ഷണം എത്തിക്കാനും, താമസക്കാരെ വിളിച്ചുണർത്തി കൃത്യസമയത്ത് ആഹാരവും വെള്ളവും മരുന്നും നൽകാൻ ജാഗ്രതയോടെ ഇൗ യുവാക്കളുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ ആ വിവരം തിരുവല്ല താലൂക്ക് ആശുപത്രിയിലെ കേന്ദ്രത്തിൽ അറിയിക്കുക, താമസക്കാരുടെ ലഗേജുകൾ സുരക്ഷിതമായി എത്തിച്ചു നൽകുക, താമസക്കാർക്ക് അവശ്യസാധനങ്ങൾ വാങ്ങി നൽകുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവരുടെ സേവന പരിധിയിലുണ്ട്. മലയിത്ര ജനകീയ ഗ്രന്ഥശാലയുടെ പ്രവർത്തകാരണ് കളക്ടറുടെ സന്നദ്ധസേന അംഗങ്ങളായ ഇരുവരും. ഡി.വൈ.എഫ്.എെയുടെ ഹൃദയപൂർവം പദ്ധതിയിലും ഇവരുടെ സജീവ പങ്കാളിത്തമുണ്ട്.
ലോക്ക് ഡൗണിന്റെ തുടക്കത്തിൽ വാഹന പരിശോധനയും സ്ക്രീനിംഗുമായി ആരോഗ്യപ്രവർത്തകർക്കൊപ്പം സജീവമായിരുന്ന ഇവർ ഇപ്പോൾ നാട്ടിലെ ഹീറോകളാണ്. ഇതുവരെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിയ നൂറോളം പേർക്ക് സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതായി യുവാക്കൾ പറഞ്ഞു.
പി.എസ്.സി പരിശീലനം നടത്തുന്ന വിനീതിനും മനുവിനും
സേവനമേഖലയിൽ ജോലിചെയ്യാനാണ് താത്പര്യം. രക്തദാനക്യാമ്പുകളിലും മെഡിക്കൽ ക്യാമ്പുകളിലും ഇവരുടെ സാന്നിദ്ധ്യമേറെയുണ്ട്.