തണ്ണിത്തോട്: കുടിയേറ്റ കർഷകരുടെ അതിജീവനത്തിന്റെ 73 വർഷങ്ങളാണ് തണ്ണിത്തോട് കുടിയേറ്റത്തിന് പറയാനുള്ളത്. കോന്നി, റാന്നി വനം ഡിവിഷനിലെ വനമേഖലകളാൽ ചുറ്റപ്പെട്ട 43. 5 ചതുരശ്ര കി ലോമീറ്റർ വിസ്തൃതിയിലുള്ള പഞ്ചായത്തിലെ കുടിയേറ്റ കർഷകർ വനത്തോടും വന്യമൃഗങ്ങളൊടും പൊരുതിയ ചരിത്രം.
തണ്ണിത്തോട് കുടിയേറ്റമാരംഭിക്കുന്നതിന് മുൻപ് കടവുപുഴക്ക് സമീപമുള്ള അടുകഴിയിലായിരുന്നു ആദ്യം കുടിയേറി പാർത്തത്. ഇവിടെ വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് തണ്ണിത്തോട്ടിലേക്ക് മാറുകയായിരുന്നു. 1947 ലെ രൂക്ഷമായ ഭക്ഷ്യധാന്യ ക്ഷാമം പരിഹരിക്കാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെയും പട്ടം താണുപിള്ളയുടേയും ഉത്തരവിലൂടെ പാട്ടവ്യവസ്ഥയിൽ സംഘടനകൾക്ക് 4 വർഷത്തേക്ക് നെൽകൃഷി ചെയ്യാൻ നൽകിയതാണി പ്രദേശം. ആദ്യകാലത്ത് തണ്ണിത്തോട്ടിലെ ജനങ്ങൾ കടവുപുഴയിലൂടെ ചെങ്ങറ തോട്ടത്തിലെത്തി മലയാലപ്പുഴ വഴി കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പത്തനംതിട്ടയിലെത്തിയിരുന്നത്. ആദ്യകാലത്ത് കുടിയേറ്റ കർഷകർ വന്യമൃഗഭീഷീണിമൂലം ഏറുമാടങ്ങളിൽ താമസിച്ചു. 16 കിലോമീറ്റർ അകലെയുള്ള കോന്നിയിലേക്കും 6 കിലോ മീറ്റർ അകലെയുള്ള ചിറ്റാറിലെക്കും ഇവിടുത്തെ കുട്ടികൾ വനത്തിലൂടെ കാൽനടയായി നടന്ന് പഠനം നടത്തി. ആലുവാങ്കുടി, തലമാനം, പറക്കുളം ക്ഷേത്രങ്ങളും ക്ഷേത്ര കുളങ്ങളും ശിലാനിർമ്മിതമായ ശവക്കല്ലറകളും പുരാതന കാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകളാണ്.
കുടിയേറ്റക്കാർ എത്തിയത്
കോന്നി, വകയാർ, മലയാലപ്പുഴ, കീക്കുഴൂർ, മൈലപ്ര, പ്രമാടം, വള്ളിക്കോട്, ഇലന്തൂർ , തുമ്പമൺ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്.
4 വർഷം നെല്ല് കൃഷി ചെയ്ത ശേഷം കർഷകർ കുടുബസമ്മേതം താമസമുറപ്പിച്ചു.
1947 ൽ ഇവിടുത്തെ കർഷക തൊഴിലാളികളുടെ വേതനം 25 പൈസയും 1960 ൽ 50 പൈസയുമായിരുന്നു. ഇക്കാലത്ത് വനം വകുപ്പിൽ നിന്ന് കുടിയൊഴിപ്പിക്കൽ ഭീഷിണിയുമുണ്ടായി.
ഇതിനെതിരെ മലനാട് കർഷക സംഘത്തിന്റെയും തിരുകൊച്ചി കർഷക സംഘത്തിന്റെയും നേതൃത്വത്തിൽ കർഷകർ സംഘടിച്ചു.
1956 ൽ തിരു കൊച്ചി രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന പി.എസ്. റാവു തണ്ണിത്തോട്ടിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു ഇതിനെതിരെ കർഷകർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ഉത്തരവ് പിൻവലിച്ചു.
ഒരിക്കലും വറ്റാത്ത ജലസ്രോതസുള്ളതിനാൽ തണ്ണിത്തോടെന്ന പേരുവന്നു. തേക്ക് സുലഭമായ സ്ഥലം തേക്കുതോടും ഈറ്റ സുലഭമായ സ്ഥലം മണ്ണീറയും എലിമുള്ളുകളുള്ള സ്ഥലം എലിമുള്ളംപ്ലാക്കലുമായി മാറി.
1978ൽ അരുവാപ്പുലം പഞ്ചായത്തിലെ 3 വാർഡുകളും കോന്നി പഞ്ചായത്തിലെ ഒരു വാർഡിലെ പ്രദേശങ്ങളും ചേർത്ത് രൂപീകരിച്ച തണ്ണിത്തോട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് തോമസ് വർഗീസായിരുന്നു.
ടൂറിസം ഭൂപടത്തിൽ...
സംസ്ഥാനത്തെ ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രം തുടങ്ങിയതോടെ തണ്ണിത്തോട് സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിലിടം നേടി. സർക്കാർ പ്രഖ്യാപിച്ച പട്ടയ വിതരണത്തിന്റെ പ്രതീക്ഷയിലാണ് ഇവിടുത്തെ കുടിയേറ്റ കർഷകരിപ്പോൾ.