തിരുവല്ല: പെരിങ്ങരയിലെ ഹാപ്പി ഹോമിൽ ക്വാറന്റൈനിൽ കഴിയാൻ പത്താമത്തെയാളും എത്തി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ ഒന്നിനാണ് മുൻ എം.എൽ.സി അന്തരിച്ച വി.പി.പി നമ്പൂതിരിയുടെ കുടുംബവീടായ ഹാപ്പി ഹോം ഐസൊലേഷൻ വാർഡാക്കാനായി വിട്ടുനൽകിയത്. മെയ് 15ന് ക്വാറന്റയിനായി വന്ന സന്നദ്ധ പ്രവർത്തകരായ രണ്ടു ചെറുപ്പക്കാരാണ് ആദ്യ താമസക്കാരായത്. കഴിഞ്ഞദിവസം സൗദിയിൽ നിന്നുവന്ന വ്യക്തി പത്താമനും. ഇതുവരെ കഴിഞ്ഞ ആർക്കും പരിശോധനകളിൽ പോസിറ്റീവ് ആയില്ലെന്നത് സന്തോഷകരമാണ്. ഏഴുപേർ ഇവിടെ ക്വാറന്റൈൻ പൂർത്തീകരിച്ച് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങി. തുടക്കത്തിൽ നാട്ടുകാരിൽ ചിലർക്കെങ്കിലും ഇവിടം ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിൽ ഉത്കണ്ഠയുണ്ടായിരുന്നു. ആദ്യതാമസക്കാർ വന്ന ദിവസം, റോഡിലൂടെ നടന്നുപോയ ഒരാൾ ഗേറ്റിനു മുന്നിലെത്തിയപ്പോൾ ഓടിപ്പോയ അനുഭവം വരെയുണ്ടായി. രോഗ പ്രതിരോധത്തിന്റെ ആവശ്യം തിരിച്ചറിയുകയും, സ്വന്തം കുടുംബങ്ങളിൽ നിന്നുള്ള പ്രവാസികൾ വരെ തിരികെ നാട്ടിൽ വരുമ്പോൾ ഇതുപോലുള്ള സൗകര്യങ്ങൾ ആവശ്യമുണ്ടെന്ന് മനസിലാക്കുകയും ചെയ്തതിനാൽ എതിർപ്പുകൾ ഇല്ലാതാകുകയും ചെയ്തു. മൂന്ന് ബാത്ത് അറ്റച്ച്ഡ് മുറികളും അടുക്കളയും ഹാളും അടങ്ങിയ 3000 സ്‌ക്വയർഫീറ്റ് വരുന്ന വീടാണിത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റുരാജ്യങ്ങളിൽ നിന്നും നമ്മുടെ സ്വന്തക്കാർ ഇനിയും വരുവാനുണ്ട്. പരമാവധി പേർക്ക് സൗകര്യങ്ങൾ നല്കുന്നതിനും ഹാപ്പി ഹോം റെഡി.