 
അടൂർ : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 117 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അടൂർ - കോഴഞ്ചേരി റോഡിന്റെ നിർമ്മാണത്തിനാവശ്യമായ പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന സർവേ ജോലികൾക്ക് തുടക്കമായി. ഇതിന്റെ ഉദ്ഘാടനം ഇന്നലെ മാർക്കറ്റ് ജംഗ്ഷനിലെ എം.ജി റോഡിന്റെ തുടക്കത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.അടൂർ മുതൽ തുമ്പമൺ വരെയുള്ള 11കിലോമീറ്റർ അടൂർ നിയോജക മണ്ഡലത്തിലും തുമ്പമൺ മുതൽ 12 കിലോ മീറ്റർ ആറന്മുള മണ്ഡലത്തിലുമാണ്.ബി.എം ആൻഡ് ബി.സി നിലവാരത്തിൽ 12 മീറ്റർ വീതിയിലാണ് 23 കി.മീറ്റർ വരുന്ന ഭാഗം ഉന്നതനിവലാരത്തിൽ ടാർചെയ്ത് സഞ്ചാരയോഗ്യമാക്കുന്നത്. ഈ റോഡ് വികസിക്കുന്നതോടെ അടൂരിൽ നിന്നും എം.സി റോഡിന് സമാന്തരമായി കോട്ടയത്തേക്ക് നാല് കിലോമീറ്ററോളം ദൈർഘ്യം കുറഞ്ഞ പാത വികസിക്കും.അടൂരിൽ നിന്നും കോട്ടപ്പുറം വഴി ആനന്ദപ്പള്ളി വരെയുള്ള മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള എം.ജി റോഡിനാണ് തീരെ വീതിക്കുറവ്. ഇതുകാരണം ഈ റൂട്ടിൽ ആരംഭിച്ച ബസ് സർവീസുകൾ പലപ്പോഴായി നിലച്ചുപോയി.വീതികൂട്ടിയുള്ള നിർമ്മാണത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത് വൈകിയതാണ് പണം അനുവദിച്ച് രണ്ട് വർഷത്തോളമായിട്ടും നിർമ്മാണം ആരംഭിക്കാൻ കഴിയാതെ പോയത്.ഇത് സംബന്ധിച്ച് ചിറ്റയം ഗോപകുമാർ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർവേ ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക ടീമിനെ നിയമിക്കുകയായിരുന്നു.കുറ്റി സ്ഥാപിച്ച് സർവേയുടെ ഉദ്ഘാടനം നിർവഹിച്ചത്.നഗരസഭ ചെയർപേഴ്സൺ സിന്ധുതുളസീധര കുറുപ്പ് ,വൈസ് ചെയർമാൻ ജി.പ്രസാദ്,കൗൺസിലർ ഷൈനി ജോസ്,ഏഴംകുളം നൗഷാദ്, കെ.ജി.വാസുദേവൻ,എസ്.അഖിൽ,ജില്ലാ സർവേ സൂപ്രണ്ട് അനിൽകുമാർ,ഹെഡ് സർവേയർമാരായ സുനിൽ കുമാർ,ഷൈൻ,അസി.എൻജിനിയർ അനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-----------------------------
അനുവദിച്ച തുക - 117 കോടി
ആകെ ദൂരം - 23 കിലോമീറ്റർ
വീതി 12 മീറ്റർ.
-----------------------------
കോട്ടപ്പുറത്ത് പുതിയ പാലം
എം.ജി റോഡിനെ കോട്ടപ്പുറം ഭാഗത്തുവച്ച് മുറിച്ചു കടക്കുന്ന കല്ലടഇറിഗേഷൻ മെയിൻ കനാലിന് കുറുകെ നിലവിലുള്ള വീതി കുറഞ്ഞതും ദുർബലമവുമായ പാലത്തിന് പകരം പുതിയ പാലം ഉയരും.ഇതിനുള്ള മണ്ണ് പരിശോധനയും പൂർത്തിയായി.