അടൂർ: ദുബായിൽ നിന്ന് എത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന യുവതി വീട്ടിൽ വന്നുമടങ്ങിയെന്ന വ്യാജപ്രചാരണത്തെ തുടർന്ന് വൃദ്ധരായ മാതാപിതാക്കളെ നാട്ടുകാർ ഒറ്റപ്പെടുത്തി.
തളർവാതം പിടിച്ചുകിടപ്പിലായ പറക്കോട് കറുകയിൽ തെക്കേതിൽ പുരുഷോത്തമനും (58) ഭാര്യയുമാണ് ഒറ്റപ്പെട്ടുപോയത്. ഇതിനിടെ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിൽ എത്തിക്കാനും ആരും തയ്യാറായില്ല.
പശുവിനെ വളർത്തിയാണ് ദമ്പതികൾ ഉപജീവനം കഴിഞ്ഞിരുന്നത്. പശുക്കൾക്ക് പുല്ല് ചെത്താൻ പുറത്തിറങ്ങാൻ പ്രദേശവാസികൾ അനുവദിച്ചിരുന്നില്ല. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ഇതിൽ മൂത്ത മകൾ ദുബായിലുള്ള ഭർത്താവിന്റെയടുത്ത് വിസിറ്റിംഗ് വിസയിൽ പോയതായിരുന്നു. ഇളയമകൾ മുംബൈയിലുമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുബായിൽ നിന്നുള്ള തിരിച്ചുവരവ് മുടങ്ങി. വിമാന സർവ്വീസ് ആരംഭിച്ചതിനെ തുടർന്ന് എട്ട് ദിവസം മുൻപ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ അവിടെ നിന്ന് കെ.എസ്. ആർ.ടി.സി ബസിൽ പത്തനംതിട്ടയിലും തുടർന്ന് ആംബുലൻസിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലും എത്തിക്കുകയായിരുന്നു. ഇൗ മകൾ വീട്ടിൽ വന്ന് മാതാപിതാക്കളെ കണ്ടുമടങ്ങി എന്നതരത്തിലാണ് വ്യാജപ്രചാരണം ഉണ്ടായത്.
കട്ടിലിൽ നിന്ന് വീണു താടി എല്ലിന് മുറിവ് പറ്റിയ പുരുഷോത്തമനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം തേടിയെങ്കിലും പലരും കൈയൊഴിഞ്ഞു. ഇവരുടെ ദുരിതം അറിഞ്ഞ പൊതുപ്രവർത്തകനായ മനു തയ്യിൽ, അടൂർ നഗരസഭാ മുൻകൗൺസിലർ അനൂപ് ചന്ദ്രശേഖരൻ എന്നിവർ സഹായത്തിനെത്തി. അനൂപിന്റെ കാറിൽ പറക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.