07-kodumon-gp
ഗുരുതരമായി പരിക്കേറ്റ എം.ആർ.എസ് ഉണ്ണിത്താൻ

കൊടുമൺ : കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റി അംഗവും അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ അങ്ങാടിക്കൽ തെക്ക് സിത്താരയിൽ എം.ആർ.എസ് ഉണ്ണിത്താനെ വീടുകയറി ആക്രമിച്ചു. തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ഉണ്ണിത്താനെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമാ.യി ബന്ധപ്പെട്ട് മണ്ണമ്പുഴ ഹരിലാൽ, ശ്രീജിത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിഎട്ടുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ ബൈക്കിൽ വന്ന മൂന്നുപേർ വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. താഴെവീണ ഉണ്ണിത്താനെ വീണ്ടും അടിച്ചു. കൈയുടെ അസ്ഥി പൊട്ടിയിട്ടുണ്ട്.

പൊലീസ് പറയുന്നത് - ഒരാഴ്ച മുമ്പ് മുൻ അദ്ധ്യാപകൻ കൂടിയായ ഉണ്ണിത്താന്റെ അയൽവാസികളായ രണ്ടു യുവാക്കൾക്ക് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയിരുന്നു. ഇവരിൽ ഒരാളെ പുഷ്പഗിരി മെഡിക്കൽ കോളേജിലും മറ്റൊരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത് ഉണ്ണിത്താന്റെ നേതൃത്വത്തിലായിരുന്നു. ഇവരെ ആശുപത്രിയിലാക്കിയ രീതി ശരിയായില്ല എന്നുപറഞ്ഞാണ് ഉണ്ണിത്താനെ ആക്രമിച്ചത്.
കൊടുമണ്ണിൽ കഞ്ചാവ് വിൽപന വ്യാപകമാണ്. യുവാക്കളേയും വിദ്യാർത്ഥികളേയും കേന്ദ്രീകരിച്ചാണ് കച്ചവടം. മറ്റു സ്ഥലങ്ങളിൽ നിന്നു വരുന്ന അപരിചിതരായ സ്ത്രീകളാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് നാട്ടുകാർ പറയുന്നു.