പത്തനംതിട്ട : ജില്ലാഭരണകൂടം അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ അടൂർ താലൂക്ക്തല അദാലത്തിൽ 15 പരാതികൾ പരിഹരിച്ചു. ആകെ 26 പരാതികളാണ് കളക്ടറേറ്റിൽ നിന്നും ഓൺലൈനായി നടത്തിയ അദാലത്തിൽ പരിഗണിച്ചത്. അടൂർ താലൂക്കിലെ 12 അക്ഷയകേന്ദ്രങ്ങളിലൂടെ മുൻകൂട്ടി പരാതി രജിസ്ട്രർ ചെയ്തവർ ഹാജരായി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടു.അദാലത്തിന്റെ പരിഗണനയ്ക്കായി ലഭിച്ചതിൽ ഭൂരിഭാഗം പരാതികളും വസ്തു സംബന്ധമായ പട്ടയം, പോക്കുവരവ് എന്നിവയായിരുന്നു. റീ സർവേയിൽ സംഭവിച്ച അപാകതകൾ പരിഹരിക്കുന്നതിനുളള അപേക്ഷകൾ, വിവിധ ക്ഷേമ പെൻഷനുകൾ, ചികിത്സാ സഹായം, വീടിനുളള ധനസഹായം തുടങ്ങിയവയും അദാലത്തിൽ പരിഗണനയ്ക്കായി ലഭിച്ചിരുന്നു.അദാലത്തിൽ എ.ഡി.എം അലക്‌സ് പി.തോമസ്, അടൂർ തഹസീൽദാർ ബീന എസ് ഹനീഫ്, ദൂരേഖാ തഹസീൽദാർ കെ.നവീൻ ബാബു, ഡെപ്യൂട്ടീ തഹസീൽദാർ ഡി.അജയകുമാർ, ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഷൈൻ ജോസ്, വില്ലേജ് ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അക്ഷയ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.