പന്തളം : എസ്.എൻ.ഡി.പി യോഗത്തെയും യോഗനേതൃത്വത്തെയും അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് പന്തളം യൂണിയനിലെ ശാഖാ സെക്രട്ടറിമാരുടെ സംയുക്തയോഗം . യോഗ നേതൃത്വത്തിനെതിരെ നിരന്തരമായി കള്ള പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശാഖാ തലത്തിൽ പ്രചരണം സംഘടിപ്പിക്കും. ശാഖകളും യൂണിയനുകളുമായി ബന്ധമില്ലാത്ത ആളുകളാണ് ദുഷ്പ്രചരണത്തിന് പിന്നിലുള്ളത്. ഇത് തിരിച്ചറിയുവാനുള്ള സംഘടനാ ബോധവും പ്രാപ്തിയും സമുദായ അംഗങ്ങൾക്കുണ്ട്. യോഗനേതൃത്വത്തിന് പിന്നിൽ അടിയുറച്ചുനിന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ സംഘടനാ സന്ദേശം നൽകി. കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, രേഖാ അനിൽ, അനിൽ ഐസെറ്റ്, ഡോ.എസ്.പുഷ്പാകരൻ, സുധാകരൻ എന്നിവർ സംസാരിച്ചു.