തിരുവല്ല: തിരുവല്ല ബൈപ്പാസിന്റെ അവസാന റീച്ചിലെ വയാഡക്ടിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ചിലങ്ക തീയേറ്ററിന് സമീപം മല്ലപ്പള്ളി റോഡിൽ നിന്നുതുടങ്ങി രാമഞ്ചിറയിൽ എം.സി റോഡ് വരെയാണ് അവസാന റീച്ച്. ഇവിടുത്തെ മേൽപ്പാലം നിർമ്മാണത്തിന് ഒരു സ്പാനിൽ നാലുവീതം ആകെ 36 ഗർഡറുകളുണ്ട്. 24 മീറ്റർ നീളമുള്ള ഗർഡറിന് 45 ടൺ ഭാരമാണുള്ളത്. ഇവ കോൺക്രീറ്റ് തൂണുകളിൽ ഉറപ്പിക്കുന്ന ജോലികളാണ് ഇന്നലെ തുടങ്ങിയത്. 300 ടൺ, 90 ടൺ ഭാരവാഹക ശേഷിയുള്ള ജർമ്മൻ നിർമ്മിത കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ് ഇതിന്റെ ജോലികൾ ചെയ്യുന്നത്. ആദ്യഘട്ടമായി 12 ഗർഡറുകൾ നാളെത്തന്നെ ഉറപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
അര കിലോമീറ്ററോളം ഭാഗമാണ് പൂർത്തിയാകാനുള്ളത്. കൊവിഡ് കാരണം രാമഞ്ചിറ ഭാഗത്ത് മുടങ്ങിപ്പോയ മേൽപ്പാലം നിർമ്മാണത്തിന്റെ ജോലികൾ ഏപ്രിൽ അവസാനമാണ് പ്രത്യേക അനുമതി വാങ്ങി പുനരാരംഭിച്ചത്. മുമ്പ് 60 തൊഴിലാളികൾ ജോലി ചെയ്തിരുന്നതാണ്. എന്നാൽ കൊവിഡ് കാരണം പകുതിയോളം തൊഴിലാളികളേയുള്ളു. എങ്കിലും യന്ത്രസാമഗ്രികളുടെ സഹായത്തോടെ പരമാവധി വേഗത്തിലാണ് ജോലികൾ പുരോഗമിക്കുന്നതെന്ന് മാത്യു ടി തോമസ് എം.എൽ.എ പറഞ്ഞു.
------------
പൂർത്തിയായത് മഴുവങ്ങാട്ചിറ
മുതൽ മല്ലപ്പള്ളി റോഡ് വരെ
മഴുവങ്ങാട്ചിറ മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ബൈപ്പാസിന്റെ ഭാഗങ്ങൾ പൂർത്തിയായതാണ് ആകെയുള്ള ആശ്വാസം. പൂർത്തിയായ ഭാഗങ്ങളിൽ ട്രാഫിക് ലൈറ്റ് ഉൾപ്പെടയുള്ളവ സ്ഥാപിച്ചു. രണ്ടു കിലോമീറ്ററിലധികം ദൂരമുള്ള ബൈപ്പാസ് നിർമ്മാണം മുഴുവൻ പൂർത്തിയായില്ലെങ്കിലും രാമഞ്ചിറയിലെ അരകിലോമീറ്റർ ഒഴികെയുള്ള ഭാഗങ്ങളിൽ വാഹനഗതാഗതം തടസമില്ലാതെ നടക്കുന്നുണ്ട്. ഇതുകാരണം നഗരത്തിൽ എസ്.സി.എസ് ജംഗ്‌ഷനിലെ തിരക്ക് കുറയാനും സഹായിച്ചിട്ടുണ്ട്. മഴക്കാലം ശക്തിപ്പെട്ടാൽ ബാക്കിയുള്ള ജോലികൾ തടസപ്പെടാനും സാദ്ധ്യതയേറെയാണ്. ഇത്തരം ആശങ്കകൾ നിലനിൽക്കുന്നതിനാൽ ബൈപ്പാസിന്റെ ജോലികളെല്ലാം പൂർത്തിയാക്കി എപ്പോൾ തുറന്നുകൊടുക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാൽനൂറ്റാണ്ട് മുമ്പ് ലക്ഷ്യമിട്ട തിരുവല്ല ബൈപ്പാസ് പദ്ധതി പലവിധ തടസങ്ങൾ കാരണം നീണ്ടുപോകുകയാണ്.