@ 22കാരനായ വിദ്യാർത്ഥി നേതാവിന് സമ്പർക്കത്തിലൂടെ കൊവിഡ്

@ പത്തനംതിട്ട നഗരം ഭീതിയിൽ

----------------------

പത്തനംതിട്ട: ജില്ലയിലെ പൊതുപ്രവർത്തകർക്ക് കൊവിഡ് രോഗ്യ വ്യാപന സാദ്ധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. വിവിധ നഗരങ്ങളിലെ സമരപരിപാടികളിലെ ആൾക്കൂട്ടവും ഒരു വിദ്യാർത്ഥി നേതാവിന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതുമായ സാഹചര്യത്തിലാണ് പൊതുപ്രവർത്തകരിലേക്കും രോഗ വ്യാപന സാദ്ധ്യത കാണുന്നത്. കുലശേഖരപതി സ്വദേശിയായ എം.എസ്.എഫ് സംഘടനയിൽപെട്ട ഇൗ വിദ്യാർത്ഥി നേതാവ് കഴിഞ്ഞ രണ്ടിന് പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു.

നഗരത്തിൽ കളക്ടറേറ്റിനും ഹെഡ് പോസ്റ്റ് ഒാഫീസിനും മിനിസിവിൽ സ്റ്റേഷനും മുന്നിൽ കഴിഞ്ഞയാഴ്ചകളിൽ നടന്ന സമര പരിപാടികളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ശരിയായി ധരിക്കാതെയും നിരവധി പേർ കൂട്ടമായി പങ്കെടുത്തിരുന്നു. അടൂർ, തിരുവല്ല, കോന്നി, റാന്നി മേഖലകളിലും ആൾക്കൂട്ട സമരപരിപാടികൾ നടന്നിരുന്നു.

സാമൂഹിക അകലം നിർബന്ധമായി പാലിക്കണമെന്നും ആൾക്കൂട്ടമുള്ള സമരപരിപാടികൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ച് പൊലീസ് നിരന്തരം മൈക്ക് അനൗൺസ്മെന്റ് നടത്തിയിട്ടും ഫലമുണ്ടായില്ല.

ജില്ലയിൽ എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കൈവരിച്ച കുട്ടികളെ അഭിനന്ദിക്കാൻ അവരുടെ വീടുകളിൽ വിദ്യാർത്ഥി നേതാവ് എത്തിയിരുന്നു. ഇദ്ദേഹം പ്രാഥമിക സമ്പർക്കത്തിലേർക്കപ്പെട്ട സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് തയ്യാറാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.