07-mundaknavu-car-acciden
അപകടം തുടർക്കഥയാകുന്ന മുണ്ടൻകാവ് ഡിവൈഡറിൽ ഇന്നലെ കാർ ഇടിച്ചു കയറിയപ്പോൾ

ചെങ്ങന്നൂർ: എം.സി റോഡിൽ മുണ്ടൻകാവ് കവലയിലെ ഡിവൈഡറിൽ വീണ്ടും കാറിടിച്ചു കയറി. രണ്ടു ദിവസം മുൻപ് ഒരു ലോറി ഇടിച്ചു കയറിയ അതേസ്ഥാനത്താണ് ഇന്നെലെ വീണ്ടും അപകടം ഉണ്ടായത്. വാഹനത്തിന് കേടുപാടുകളൊഴിച്ചാൽ യാത്രക്കാർക്ക് പരിക്കുകളില്ല. മുണ്ടൻ കാവിലെ ഡിവൈഡറിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണം, റോഡ് അലൈൻമെന്റിൽ വരുത്തിയ അനധികൃത രൂപമാറ്റം മൂലമാണെന്ന് ആക്ഷേപമുണ്ട്. എം.സി.റോഡ് വീതി കൂട്ടി നിർമ്മാണം നടത്തിയ സമയത്ത് യഥാർത്ഥ റോഡ് അലൈൻമെന്റ് പലയിടത്തും ചിലർ സ്വാധീനം ഉപയോഗിച്ച് മാറ്റിയിരുന്നുവെന്ന് ആക്ഷേപമുണ്ട്.വാഹനങ്ങൾ നിശ്ചിത വേഗതയിൽ വരുമ്പോൾ തിരിയേണ്ട ക്രമത്തിലായിരുന്നു വളവുകളിലും അതിനു മുൻപും റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നത്. എന്നാൽ ചിലർ ഉന്നത സ്വാധീനം ഉപയോഗിച്ച് ചെങ്ങന്നൂർ നഗരത്തിലെ പലയിടത്തും അലൈൻമെന്റിൽ കാര്യമായ മാറ്റം വരുത്തിയിരുന്നു. ഇതിലെ അപാകത അന്നത്തെ പൊതുമരമാത്ത് മന്ത്രിയെ കണ്ട് നേരിട്ട് ബോദ്ധ്യപ്പെടുത്തിയെങ്കിലും ഇതൊന്നും പരിഗണിക്കാൻ തയാറായില്ല. ഇതൊക്കെ പിന്നീട് ഗതാഗത കുരുക്കിലും, അപകടങ്ങളിലും,വെള്ളകെട്ടിലും കാരണമായി. ഇത് തന്നെയാണ് മുണ്ടൻകാവിലും സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു.

കെ.എസ്.ടി..പി നടപടി സ്വീകരിക്കണം

തിരുവല്ല ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഇടത്ത് ഭാഗം കൂടുതൽ സ്ഥലം എടുക്കാത്ത സാഹചര്യം ഉണ്ടായെന്നും മുണ്ടൻകാവ് ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക് സുഗമമായി എത്തുന്നതിന് കൂടുതൽ സൗകര്യം ലഭ്യമല്ലാതായെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ തുടർച്ചയായി ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കെ.എസ്.ടി..പി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.