കോന്നി : കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വൈദ്യുതി ഒളിച്ചുകളിക്കുന്നു.ടൗൺ, മാങ്കുളം, കോന്നി താഴം, എലിയറയ്ക്കൽ, ചൈനാജംഗ്ഷൻ, ചിറ്റൂർമുക്ക്, മരങ്ങാട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. ഒരുമാസമായി ഇതുതന്നെയാണ് സ്ഥിതി. ലോക്ക് ഡൗൺ കാലത്തുള്ള വൈദ്യുതി മുടക്കം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. താലൂക്ക് ആശുപത്രി, സർക്കാർ ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ വൈദ്യുതിമുടക്കത്തിനെതിരെ വ്യാപക പരാതിയുണ്ട്.പുലർച്ചെ വൈദ്യുതി മുടങ്ങുന്നതു കാരണം പ്രഭാതസവാരിക്കാർ, പത്രം, പാൽ വിതരണക്കാർ എന്നിവർ ഇരുട്ടിലൂടെയാണ് സഞ്ചരിക്കുന്നത്.തെരുവുനായ ശല്യവും രൂക്ഷമാണ്. ദിവസവും വൈദ്യുതി മുടങ്ങുന്നതിനാൽ കുടിവെള്ള വിതരണവും തകരാറിലാകുന്നു. മിനിറ്റുകൾ ഇടവിട്ടാണ് വൈദ്യുതി പോകുന്നതും വരുന്നതും. വൈദ്യുതി മുടക്കത്തിനെതിരെ അടിയന്തരമായി അധികൃതർ നടപടി സ്വീകരണിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.